ലോണിനു പിന്നില്‍....???? ഭാഗം 2


പ്രിയ വായനക്കാരെ,

ലേഖന  പരമ്പരയുടെ  ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച്    ഏതാനും  മണിക്കൂറിനുള്ളില്‍  തന്നെ  സിറ്റി ബാങ്കില്‍ നിന്നും   ചില പോസിറ്റീവ്  നടപടികള്‍   ഉണ്ടായതായി  അറിയുന്നു. എന്നിരുന്നാലും ഈ ലേഖന പരമ്പര അതിന്റെ  ഉദ്ദേശത്തോടു  കൂടി മുന്നോട്ടു  പോകുന്നതാണ്  - ജോ 


ഭാഗം ഒന്ന്  ഇവിടെ വായിക്കാം


ഭാഗം 2

ബൌ
ണ്‍സ് ആയ ചെക്ക്   ഇല്ലാതെ  പണം  നല്‍കാന്‍  നിര്‍വാഹമില്ല  എന്ന്  അവരുടെ  ഭര്‍ത്താവ് കര്‍ക്കശമായി തന്നെ പണം പിരിക്കാന്‍ വന്നവരോട് പറഞ്ഞു. സിറ്റി ബാങ്ക് നിയോഗിച്ച എറണാകുളത്തെ  റിക്കവറി ഓഫീസില്‍ നിന്നും  വന്നിരിക്കുകയാണ് അവര്‍. കൃത്യമായി തവണകള്‍ അടക്കാത്തത് കൊണ്ട്  സിറ്റി ബാങ്ക്  അവരുടെ  റിക്കവറി  ഏജന്‍സി യിലേക്ക്    കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.


"റിക്കവറി ഏജന്‍സി" എന്ന് പറയുമ്പോള്‍ അത് എത്തരത്തിലുള്ള ഏജന്‍സി ആണെന്ന് വായനക്കാര്‍ക്ക്  ഊഹിക്കാമല്ലോ. അന്നൊക്കെ ചെറുതും വലുതുമായ ബാങ്കുകള്‍ കൊള്ളപ്പലിശ ലോണുകള്‍ ആളുകള്‍ക്ക് വാരിക്കോരി നല്‍കുകയും പിന്നീട് "റിക്കവറി ഏജന്‍സി" എന്ന്  ഓമനപ്പേരിട്ടു വിളിക്കുന്ന, അല്‍പ്പം ചോരത്തിളപ്പുള്ള ചെറുപ്പക്കാരായ ആളുകളെ വിട്ടു വിരട്ടി    പണവും അതിന്റെ പലിശയും പിന്നെ റിക്കവറി ചാര്‍ജ്ജും അടക്കം പിടുങ്ങുന്ന ഒരു സംഘം   ബാങ്കുകളുടെ ചിലവില്‍ ഓഫീസ് ഇട്ടു "നിയമ വിധേയം"എന്ന  രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു.   അന്നത്തെ കാലത്ത് ഫിനാന്‍ഷ്യല്‍  സ്ഥാപനങ്ങള്‍ക്ക്  പുറമേ പല മൊബൈല്‍ കമ്പനികളും ബ്ലേഡ് മാഫിയകളും  ഇത്തരം റിക്കവറി  ഇടപാടുകള്‍ക്ക് ആളുകളെ നിയോഗിച്ചിരുന്നു.  പിന്നീട് ഇത്തരം റിക്കവറി ഇടപാടുകള്‍  അക്രമത്തിലേക്ക് തിരിയുകയും ഒരു ന്യൂ  ജനറേഷന്‍ ബാങ്കിന്റെ വാഹന  റിക്കവറിക്കിടെ  ഉടമ കൊല്ലപ്പെടുകയും കൂടെ ചെയ്തതോടെ  പോലീസും അധികാരികളും  ഇത്തരം  റിക്കവറി നടപടികള്‍ക്കെതിരെ രംഗത്ത്  വരികയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യ്കയും ഉണ്ടായതിനെ തുടര്‍ന്നാണ്‌ "അക്രമ റിക്കവറി " സംവിധാനങ്ങള്‍ക്ക് അല്‍പ്പം ശമനം ഉണ്ടായത്.  സമൂഹത്തോട്  ചെയ്യാവുന്ന വളരെ നിഷ്ടൂരമായ  ഒരു പരിപാടിയാണ് ഇത്തരം  റിക്കവറി പ്രോസസ്സ്. ഇതിനായി ആളുകളെ  നിയോഗിക്കുക വഴി നിരവധി  തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഈ റിക്കവറി നടപടിക്കു നിയോഗിക്കുകയും അവസാനം ഇവരുടെ സ്വഭാവം തന്നെ  "ഗുണ്ടായിസം എന്നാല്‍ പണം " എന്ന  രീതിയില്‍  മാറ്റി എടുക്കുകയും ചെയ്തു എന്നുള്ളതാണ്  ന്യൂ -ജന റേഷന്‍  ധനകാര്യ - മൊബൈല്‍  സ്ഥാപങ്ങള്‍  കൊണ്ടുണ്ടായ നേട്ടം. ഒട്ടനവധി അക്രമികളെ  സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ വഹിച്ചിരുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല .

അനുഭവത്തിലേക്ക് വരാം. ....  വന്നിരുന്ന റിക്കവറി ആള്‍ക്കാര്‍ ചെക്ക്  ബൌണ്‍സ് ആണെന്നും  ആയതിനാല്‍ പണം ഈടാക്കും  എന്നും തന്നെ പറഞ്ഞു. ബൌണ്‍സിങ്  - റിക്കവറി ചാര്‍ജ്  അടക്കം അവര്‍ പറഞ്ഞ തുക  വലുതായിരുന്നു.  ബന്ധുവിന്റെ ഭര്‍ത്താവ് യാതൊരു കാരണവശാലും  വ്യക്തമായ പ്രൂഫ്‌  ഇല്ലാതെ പണം നല്‍കില്ല എന്ന  വാശിയിന്മേലും  ഉറച്ചു  നിന്നു . ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍, ആ പണം തിരിച്ചടച്ചില്ലെങ്കില്‍   ഉണ്ടാകാവുന്ന  പ്രത്യാഘാതം  വളരെ  വലുതായിരിക്കും എന്ന് ഓര്‍മ്മപ്പെടുത്തിയാണ്  റിക്കവറിക്ക് എത്തിയവര്‍ തിരികെ പോയത്.  അതിനു ശേഷമുള്ള ദിവസങ്ങളില്‍ പലവട്ടം  അവരില്‍ നിന്നും ഫോണുകള്‍  വരുവാന്‍ തുടങ്ങി.  ഇതിനിടയില്‍  പലവട്ടം അവര്‍ ബന്ധുവിന്റെ ഭര്‍ത്താവിന്റെ ഓഫീസില്‍ എത്തി. ഇതിനിടയില്‍ മാസങ്ങള്‍ കടന്നു. ആ സമയത്ത് റിക്കവറി ഓഫീസിന്റെ ഇന്‍ ചാര്‍ജ് പ്രത്യേകം അവരെ കാണുവാന്‍ എത്തി. വളരെ വിശദമായി ഇങ്ങനെ ഇന്‍സ്റ്റാള്‍ മെന്റ് മുടക്കം വരുത്തിയാല്‍ ഉണ്ടാകാവുന്ന ഭാവിശ്യത്തുകലെക്കുരിച്ചു പറഞ്ഞു. കോടതിയിലേക്ക് പോയാല്‍  പിന്നെ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതാകും അതിനാല്‍  രണ്ടു മാസത്തെ എങ്കിലും  അടക്കുവാന്‍ ആവശ്യപ്പെട്ടു.  അങ്ങനെയെങ്കില്‍  മുടക്കം ആറുമാസം കഴിയാതെ  ആകുമെന്നും ചെക്കിനെക്കുരിച്ചു അന്വേഷിക്കാന്‍ സമയം കിട്ടുമെന്നും പറഞ്ഞു.  അങ്ങനെ  താല്‍ക്കാലികമായി രണ്ടു മാസത്തെ തുക അടക്കാന്‍  അവര്‍ തയ്യാറായി.
 


പിന്നീട്  ഇന്‍സ്റ്റാള്‍ മെന്റ് അടക്കണം എന്നാവശ്യപ്പെട്ടു വീണ്ടും അവര്‍ വന്നപ്പോള്‍ , പണം  തരണമെങ്കില്‍  ഇനി ആ ചെക്ക് പ്രസന്റ്  ചെയ്യില്ല  എന്ന് ബാങ്കില്‍ നിന്നും  എഴുതി തന്നാല്‍   ബാക്കി ഇ എം ഐ അടക്കുന്ന കാര്യം  ആലോചിക്കാം എന്ന് അവരുടെ ഭര്‍ത്താവ് റിക്കവറി ആള്‍ക്കാരോട് പറഞ്ഞു. മാത്രമല്ല, മുടങ്ങി എന്ന് പറയുന്ന   തവണകള്‍ക്ക് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത് പോലെ യാതൊരു വിധ പിഴകളും നല്‍കുന്നതുമല്ല എന്നറിയിച്ചു.   അതെ തുടര്‍ന്ന് റിക്കവറി ഏജന്‍സിയിലെ ആളുകള്‍ സിറ്റി ബാങ്കുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ബാങ്ക് നമ്മുടെ കഥാനായികയുടെ ആവശ്യം അംഗീകരിക്കുകയാണ് എന്നറിയിച്ചു. മാത്രമല്ല, സിറ്റി ബാങ്കില്‍ നിന്നും  ബന്ധുവിന്റെ ഭര്‍ത്താവിന്റെ  മൊബൈലില്‍ വിളിച്ചു ഇനി തുടര്‍ന്നുള്ള  തവണകള്‍  റിക്കവറി ഏജന്‍സി  വശം  കൊടുത്താല്‍ മതി എന്നും അതിനു യാതൊരുവിധ  അഡീഷനല്‍  ചാര്ജ്ജുകളും  നല്‍കേണ്ടതില്ല  എന്നും  അറിയിച്ചു.  നഷ്ട്ടപ്പെട്ട  ചെക്കുകളെക്കുറിച്ച്  അന്വേഷണം  നടക്കുകയാണെന്നും  എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ വിവരം അറിയിക്കാമെന്നും  പറഞ്ഞു.അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം  വീണ്ടും റിക്കവറി ഏജന്‍സിയുടെ ആള്‍ക്കാര്‍  വന്നു.  അവരുടെ   കൈവശം  അപ്പോള്‍ ഒരു സ്റ്റേറ്റ്മെന്റ്  കൂടി  ഉണ്ടായിരുന്നു.  ഇരുപത്തി ഒന്ന്  തവണകള്‍ .  കൃത്യമായി  പണം  അടച്ചിട്ടുണ്ടെന്നും  ബാക്കിയുള്ള അഞ്ചു  തവണകള്‍  ആണ്  അടക്കാത്തതെന്നും  ഉള്ള ഒരു   ഇന്റേണല്‍  സ്റ്റേറ്റ്മെന്റ്  ആയിരുന്നു അത്. (ചിത്രം 1) മറ്റു ചില വിവരങ്ങള്‍  കൂടി  അതില്‍  ഉണ്ടായിരുന്നു ( ഈ വിവരങ്ങള്‍  സിറ്റി  ബാങ്കുമായുള്ള  സംസാരത്തില്‍  പലവട്ടം തെളിവുകള്‍ ആയി മാറിയിരുന്നു  )

 

എന്നാല്‍ ഈ  രേഖകള്‍ പ്രകാരം പണം അടക്കുവാന്‍  തയ്യാറല്ല  എന്നും നഷ്ട്ടപ്പെട്ട ചെക്കുകള്‍  ഇനി പ്രെസന്റ് ചെയ്യില്ല എന്നും പറഞ്ഞ സിറ്റി ബാങ്കില്‍ നിന്നും ഔദ്യോഗികമായി  എഴുതി നല്‍കിയാല്‍  കഴിഞ്ഞു പോയ ഇ എം ഐ കള്‍  ഒരുമിച്ചടക്കാം എന്നും തുടര്‍ന്നുള്ള  ഇ എം ഐ കള്‍  മുറപോലെ നല്‍കാന്‍  തയ്യാറാണ്  എന്നും  ബന്ധുവിന്റെ ഭര്‍ത്താവ് അവരോടു  വ്യക്തമാക്കി. അതേത്തുടര്‍ന്ന് തിരികെപോയ അവര്‍ വീണ്ടും വന്നത്  സിറ്റി ബാങ്കിന്റെ  ഔദ്യോഗിക കത്തുമായാണ്‌.


പക്ഷെ അതില്‍  ആറു  മാസത്തെ  ചെക്കുകള്‍ നഷ്ടപ്പെട്ട  വിവരം മാത്രമേ   രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളൂ. (ചിത്രം 2 ) പിന്നീടുള്ള ചെക്കുകളുടെ വിവരം അന്വേഷണം നടക്കുകയാണ് എന്നും  അതിനു ശേഷം മാത്രം  അവയെക്കുറിച്ചുള്ള  സ്റ്റേറ്റ്മെന്റ്   നല്‍കാം എന്നും  അറിയിച്ചു.
ലോണ്‍ തുക എന്തായാലും  തിരിച്ചടക്കേണ്ടത്‌ തന്നെ അല്ലേ ? പിന്നെ വെറുതെ  സംസാരിച്ചു ബാധ്യതകള്‍ കൂട്ടുന്നത്‌ എന്തിനു എന്ന്   വിചാരിച്ചു  ആ രേഖയുടെ പുറത്തു  ബന്ധുവും ഭര്‍ത്താവും അഞ്ചു മാസത്തെ തുക ഒന്നിച്ചടച്ച് രസീത് വാങ്ങി. (ചിത്രം 3)
പക്ഷെ  ഏറെ  പിഴവുകള്‍   നിറഞ്ഞതായിരുന്നു സിറ്റി ബാങ്കില്‍ നിന്നുള്ള ആ കത്ത്. ബന്ധുവും ഭര്‍ത്താവും  ആ സമയത്ത്  ശ്രദ്ധിച്ചതായിരുന്നുവെങ്കിലും  അക്കാര്യത്തിനു കൂടുതല്‍  വാശി പിടിക്കാതിരുന്നത്  പിന്നീട് അവര്‍ക്ക് വിനയായിത്തീരുകയായിരുന്നു..... വിന അത് ഒരു "വിന" തന്നെ ആയിരുന്നു.


(തുടരും )


( പ്രിയ വായനക്കാരെ , ബിസിനസ്സ്  തിരക്കുകള്‍ക്കിടയില്‍  ഈ  പരമ്പര  ഘട്ടം ഘട്ടമായെ  എഴുതുവാന്‍ സാധിക്കുന്നുള്ളൂ . സദയം ക്ഷമിക്കുക.. വനിതയുടെ പ്രൈവസി  മാനിച്ചു  തെളിവുകള്‍  നല്കിയിരിക്കുന്നതിലെ  ഉപഭോക്താവിനെ സംബന്ധിച്ച വിവരങ്ങളും ഫോണ്‍ നമ്പറുകളും  ജാമ്യം  നിന്നവരുടെ   വിവരങ്ങളും   മറച്ചിട്ടുണ്ട്‌   - ജോ )Post a Comment

View All Comments

പോപ്പുലർ പോസ്റ്റുകൾ