അങ്ങിനെ പവനായി വീണ്ടും ശവമായി!! ഇന്ദുമേനോനും ബ്ലോഗായി!!

ന്തെല്ലാമായിരുന്നു.. മലപ്പുറം കത്തി, വടിവാള്‍, എ.കെ. 47 .. ഒടുവില്‍ ദാ പുതിയ അഭിനവ പവനായിയും ശവമായി!!! വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന് കവി പാടിയത് പോലെ.. ഇതിപ്പോള്‍ വീണിതല്ലോ കിടക്കുന്നു ബ്ലോഗില്‍ എന്ന് തിരുത്തണമെന്ന് മാത്രം! പറഞ്ഞ് വന്നത് നമ്മുടെ പ്രശസ്ത കഥാകാരി ശ്രീമതി ഇന്ദുമേനോനെ പറ്റിയാണ്. ബ്ലോഗെഴുത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒരു തരം ടോയ്‌ലെറ്റ് സാഹിത്യമെന്ന് അതിനെ വിളിക്കാമെന്നും ദേശാഭിമാനി ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലൂടെ ഘോരാഘോരം ഉദ്‌ഘോഷിച്ച ഇന്ദുമേനോന്‍ ഒടുവില്‍ ബ്ലോഗിന് കീഴടങ്ങി.

കാര്യം കക്കൂസിലാണെങ്കിലും എഴുതുന്നത് സാഹിത്യമാണെങ്കില്‍ വായനക്കാരുണ്ടാവും എന്ന് തിരിച്ചറിയുവാന്‍ ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിക്ക് ദേശാഭിമാനി ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ ഒരു അഭിമുഖവും അതേ തുടര്‍ന്ന് ലഭിച്ച കമന്റുകളും വേണ്ടിവന്നു. അങ്ങിനെ വരുമ്പോള്‍ ദേശാഭിമാനി പത്രത്തിനും റിപ്പോര്‍ട്ടര്‍ എ. എസ്. സൌമ്യക്കും അഭിമാനിക്കാം. ദേശാഭിമാനിയിലെ ഇന്ദുമേനോന്റെ ലേഖനത്തിന് വിയോജനക്കുറിപ്പെഴുതി നമ്മുടെ ബൂലോകവും കമന്റ് ചര്‍ച്ചയിലൂടെ ബൂലോകത്തിലെ ഓരോ ബ്ലോഗര്‍മാരും ശക്തമായി ഇതേ കുറിച്ച് പ്രതികരിച്ചിരുന്നു.

പ്രസ്തുത വിഷയത്തെ പറ്റി ഫെയ്സ്ബുക്കിലെ കമന്റ് ബോക്സ് വഴി ഇന്ദുമേനോനുമായി ചെറിയ ഒരു സം‌വാദം ആയിടെ നടത്തിയപ്പോള്‍ മറുപടിയായി ഇന്ദു പറഞ്ഞത് ആ അഭിമുഖം ടെലിഫോണില്‍ നല്‍കിയതാണെന്നും ചില വാചകങ്ങള്‍ അതുകൊണ്ട് തന്നെ മിസ്‌റീഡ് ആയിട്ടുണ്ടെന്നും ആണ്. അതോടൊപ്പം തന്നെ ഫെയ്‌സ്ബുക്കിലെയും ബ്ലോഗിലെയും എഴുത്തിനെ എങ്ങിനെ കാണുന്നു എന്നതിനെ കുറിച്ച് തന്റെ വ്യക്തമായ അഭിപ്രായം നവംബര്‍ 8‌-ആം തീയതിയിലെ ഫെയ്സ്ബുക്ക് വാളില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഇന്ദുമേനോന്റെ നവം‌ബര്‍ 8ലെ ഫെയ്സ്ബുക്ക് വാള്‍ കമന്റ് ഇപ്രകാരമാണ്.

" ഫേസ് ബുക്ക് ചുമരും കക്കൂസ് ചുമരും ഒന്നാകുന്നതിലെ നീതി

ഫേസ് ബുക്കിലെ വമ്പന്‍ സ്രാവുകള്‍ക്ക് നീതികരിക്കാനകാത്ത ഒരു സത്യമാണ് ഞാന്‍ എഴുതാന്‍ പോകുന്നത്. ആദ്യ കാലം മുതല്‍ക്കേ ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലും എഴുതുന്നത് കാണുമ്പോള്‍ എനിക്ക് തീവണ്ടിയുടെ കക്കൂസ് മുറികള്‍ ഓര്‍മ്മവരും. ചുമരെഴുത്തിന്റെ ആദിമ സുഖത്തില്‍ അഭിരമിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍. നാല് ചുമരിന്റെ ധൈര്യം.....മനുഷ്യനെ ബിരിയാണി വച്ച് തിന്നുന്നതും വേലക്കാരിയെ ക്രൂരമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടികളെ ബാലത്കാരം ചെയ്യുന്നതും ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യും ചിലര്‍.. അത് ഭംഗിയായി ചുമരില്‍ പോസ്റ്റ്‌ ചെയ്യും വേറെ ചിലര്‍.. ഹ്ഹാ.... ഇത് കിടിലന്‍ എന്ന് പറഞ്ഞു കാണുകയും പങ്കു വെച്ച് ആസ്വദിക്കുകയും ചെയ്യും മറ്റു ചിലര്‍ ...... ഇത് കണ്ടു നിലവിളിക്കും വേറെ കൂട്ടര്‍ ...... ലൈക്‌, അണ്‍ ലൈക്‌ .. അത്മരോഷതിനെ ആയിരം വഴികള്‍... ഒന്നും ചെയ്യാനാകാത്ത ഒരു നപുംസക മനോഭാവം..... അടച്ച നാല് ചുമരിനുള്ളിലെ അടക്കി വെച്ച ആത്മ വികാരം. ഒന്നിനും ധൈര്യമില്ലാത്ത ഭീരുക്കളുടെ ആത്മ രോഷം..... ഇതിനു മുമ്പേ ഞാന്‍ കക്കൂസ് ചുമരുകളില്‍ മാത്രമേ കണ്ടിട്ടുള്ളു..... അടുത്ത വീട്ടില്‍ ചാവനായി കിടക്കുന്ന തളര്‍വാതം വന്ന ചേട്ടനെ കണ്ടിട്ട് 3 വര്‍ഷമായി. അയാളുടെ കുടുംബക്കാരെ കണ്ടാല്‍ ചിരിക്കാന്‍ വിഷമം. മരുന്നിനു പൈസ ചോദിച്ചാലോ.. വിശക്കുന്ന കുഞ്ഞിനു അരി വാങ്ങാന്‍ 10 രൂപ കൊടുക്കേണ്ടി വന്നാലോ. ആ ചേട്ടന്റെ പടം ഒന്ന് ഫേസ് ബുക്കില്‍ ഇട്ടു നോക്ക്... ഷെയര്‍ ചെയ്യുന്നു. ലൈക്‌ ചെയ്യുന്നു. കരയുന്നു. കോക്രി കാണിക്കുന്നു. ബ്ലോഗ്‌ എഴുതുന്നു...ഹ്ഹോ ... എന്തൊരു പ്രകടനം. ഇത്തരം ഷണ്ടന്‍മാരുടെ ആഭാസകരമായ നാട്യങ്ങള്‍ എഴുതിയ ചുമര്‍ ഫേസ് ബൂക്കിനും കക്കൂസ്സിനും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു"

പ്രിയപ്പെട്ട കഥാകാരീ, ഫെയ്സ്‌ബുക്കിനെ മിസ്‌യൂസ് ചെയ്യുന്നവരുണ്ടായിരിക്കാം. പക്ഷെ ക്രിയാത്മകമായി ഫെയ്സ്ബുക്കിനെയും ബ്ലോഗിനെയും സമീപിക്കുന്ന ഒരു വലിയ കൂട്ടം ആളുകളുടെ നേരെ ക്രോക്കികുത്തിക്കൊണ്ടായിരുന്നു എഴുത്തുകാരിയുടെ ആ ഏകപക്ഷീയമായ അഭിപ്രായം കടന്നുവന്നത്. ഇവിടെ, ഈ ബൂലോകത്തില്‍ ഒട്ടേറെ വിഷയങ്ങളില്‍ സജീവമായും സക്രിയമായും പങ്കെടുക്കുകയും സാമ്പത്തീകമായും മാനസീകവും ശാരീരികമായും ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യുന്നവരുമായ വലിയൊരു കൂട്ടത്തിനു നേരെയായിരുന്നു താങ്കള്‍ അന്ന് കോക്രികുത്തിയത്. എന്തിനായിരുന്നു ഇത്? പുതിയ ഒരു മേഖലയിലേക്ക് കടന്നുവരുന്നതിന് മുന്‍പ് തന്റെ വരവറിയിക്കുവാനോ? അത്തരം ഒരു പബ്ലിസിറ്റ് സ്റ്റണ്ട് നല്ല കുറേ രചനകളിലൂടെ മലയാളി വായനക്കാര്‍ക്കിടയില്‍ സ്ഥാനം കണ്ടെത്തിയ താങ്കള്‍ക്ക് ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇതിന് പണ്ട് കാരണവന്മാര്‍ പറയുന്ന ഒരു പ്രയോഗമുണ്ട് . വെടക്കാക്കി തനിക്കാക്കുക എന്ന്..

എന്തായാലും ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷി തിരിച്ചറിഞ്ഞവരായത് കൊണ്ട് മലയാളി ബ്ലോഗ് ലോകത്തേക്ക് പ്രിയ എഴുത്തുകാരി... താങ്കള്‍ക്ക് സ്വാഗതം. എവിടെയെഴുതുന്നു എന്നതിനേക്കാള്‍ എന്ത് എഴുതുന്നു എന്നതാണ് പ്രധാനമെന്ന സത്യം മനസ്സിലാക്കിയതിന് നന്ദി..

ഒട്ടേറെ മികച്ച കഥകളും കുറിപ്പുകളും എഴുതി നല്ല ഒരു ബ്ലോഗനുഭവം വായനക്കാര്‍ക്ക് പ്രദാനം ചെയ്യുവാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഉറപ്പ്. എല്ലാവിധ ആശംസകളും..

ഇന്ദുമേനോന്റെ ബ്ലോഗിന്റെ ലിങ്ക് : induvmenon.blogspot.in/

മനോരാജ്

27 Responses to "അങ്ങിനെ പവനായി വീണ്ടും ശവമായി!! ഇന്ദുമേനോനും ബ്ലോഗായി!!"

 1. എല്ലാവരും ആടിനെ പട്ടിയാക്കുകയാണ് .ബ്ലോഗു എന്ന മാധ്യമത്തെ തെരഞ്ഞു പിടിച്ചു ആയിരുന്നില്ല അവര്‍ ആക്ഷേപിച്ചത് .എന്താണ് കക്കൂസ് സാഹിത്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ? പൊതു കക്കൂസിന്റെ ചുമരുകളില്‍ നാം കാണുന്ന അക്ഷരങ്ങളെ ..അതെഴുതുന്നവരുടെ മാനസീകാവസ്ഥയെ ..അതിലെ നിയന്ത്രണം ഇല്ലായ്മയെ ..ഇങ്ങനെ പലതും ...ഭീകരമായ കാഴ്ചകള്‍ ..അറപ്പും അസ്വാരസ്യവും ഉണ്ടാക്കുന്ന കാഴ്ചകള്‍ ഇതെല്ലാം നമ്മുടെ ഇഷ്ടവും താലപര്യവും കൂടാതെ ഫേസ്‌ ബൂകിലും ,മറ്റു ഇന്റെര്‍നെറ്റ് ചുവരുകളിലും കാണാറുണ്ട്‌ ..നാട്ടിന്‍ പുറത്തെ മതില്‍ ..സോമന്‍ + കല്യാണി എന്നും അവര്‍ തമ്മില്‍ ടിങ്ക ഡിഗാ എന്നും എഴുതുന്ന അരാചക അവസ്ഥ ഓണ്‍ ലൈന്‍ എഴുത്തിലും ഉണ്ട് എന്നത് ഉറപ്പാണ് ..അത്തരം അവസ്ഥയെ കക്കൂസ് സാഹിത്യത്തോട് ഉപമിചെന്കില്‍ അതില്‍ ഇത്ര രോഷം കൊള്ളണോ?

  ReplyDelete
 2. പ്രിയ രമേശ് : ആരാണ് ആടിയെ പട്ടിയാക്കിയത്? ഫെയ്സ്ബുക്കില്‍ മോശമായി എഴുതുന്നവര്‍ ഉണ്ട് എന്ന് വെച്ച് ഫെയ്സ്ബുക്കില്‍ എഴുതുന്നത് മൊത്തം മോശമാണോ? മഞ്ഞപുസ്തകങ്ങള്‍ ഉള്‍പ്പെടെ അച്ചടിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ എല്ലാ അച്ചടിച്ച രചനകളും മഞ്ഞയാണ് എന്ന് പറയുമ്പോലെയായേ അതിനെ എനിക്ക് തോന്നിയുള്ളൂ. പിന്നെ ദേശാഭിമാനിയുടെ ലേഖനത്തില്‍ “ആത്മാവിഷ്കാരത്തിന്റെ ഭാഗമായ എഴുത്തിനെ കംപ്യൂട്ടര്‍ പോലുള്ള മാധ്യമം ഉപയോഗിച്ച് തനിക്ക് കാണാനാവില്ല. കംപ്യൂട്ടറില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യാറുണ്ടെങ്കിലും എഴുത്തിലേക്ക് കടക്കുമ്പോള്‍ പേപ്പറും പേനയും ഉപയോഗിച്ച് എഴുതുന്നതാണ് താല്‍പര്യം. ബ്ലോഗില്‍ എഴുതുന്ന നല്ല സൃഷ്ടികള്‍ ഉണ്ട്. പക്ഷേ അതിന്റെ പ്രിന്റഡ് വേര്‍ഷന്‍ വായിക്കാനാണ് താല്‍പര്യം. കണ്ണ് ചീത്തയാക്കി വായിക്കേണ്ട കാര്യമില്ല.“ ഇങ്ങിനെയൊക്കെ എഴുതി മാസങ്ങള്‍ക്കകം ബ്ലോഗിലേക്ക് കടന്നുവരുമ്പോള്‍ മുന്‍പ് പറഞ്ഞതൊക്കെ ഒന്ന് ഓര്‍മ്മിച്ചിരിക്കുവാന്‍ വേണ്ടി ഇവിടെ സൂചിപ്പിച്ചെന്നേയുള്ളൂ.

  ReplyDelete
 3. നോമ്പുകാലത്ത് ബീഡി വലിച്ചു നടക്കുന്ന ഒരാളെ ചൂണ്ടി കാട്ടി മറ്റൊരാള്‍ പറഞ്ഞു ദേ നോമ്പ് നോട്ട് ബീഡി വലിക്കുന് എന്ന്..അവസാനം അയാളുടെ ബീഡി കുറ്റിയാകാന്‍ നേരം മറ്റെയാള്‍ ചോദിച്ചത്ത്രെ ആ കുറ്റി ഇങ്ങോട്ട് തര്വോ ...ന്നു ഇത് പോലെയായി ഇന്തുമേനോന്റെ പുതിയ പരിപാടി

  ReplyDelete
 4. അവര്‍ മുന്‍പു പറഞ്ഞ ആശയങ്ങളോട് ഒട്ടും യോജിക്കാന്‍ വയ്യ. എന്നാല്‍ അവര്‍ തന്നെ അത് തിരുത്താന്‍ തയ്യാറായ സ്ഥിതിക്ക് ഇനി അവരെ വിമര്‍ശിക്കേണ്ടതില്ലല്ലോ. സൈബര്‍ ലോകത്തെ എഴുത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് അവര്‍ കൂടുതല്‍ ബോധവതിയായിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.നല്ല ദിശയിലുള്ള ഒരു മാറ്റമാണിത്.ഈ തിരിച്ചറിവിലേക്കു വന്നതോടെ അവരോടുള്ള ആദരവ് വര്‍ദ്ധിക്കുകയാണ്. ലെസ്ബിയന്‍ പശുവും മറ്റും എഴുതിയ ആ നല്ല എഴുത്തുകാരിയുടെ രചനകള്‍ പുതിയ കാലത്തിന്റെ മാധ്യമത്തിലും ലഭ്യമാവുന്നത് ഏറെ സന്തോഷകരം... ബ്ലോഗെഴുത്തിലേക്ക് പൂര്‍ണ മനസ്സോടെ നമുക്കവരെ സ്വാഗതം ചെയ്യാം.

  ReplyDelete
 5. പ്രദീപ്‌ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും.

  ReplyDelete
 6. ഈ രീതിയിലുള്ള കോർണറിങ്ങ് വളരെ ചീപ്പാണ്.
  നമ്മുടെ ബൂലോഗത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.
  എതിർപ്പ് രേഖപ്പെടുത്തുന്നു.

  ReplyDelete
 7. ശൂദ്രര്‍ക്കിടയിലെ മേനോന്‍ ഉപജാതിയുടെ സാഹിത്യകാരിയായ ഇന്ദുമേനോന്‍ എന്ന എഴുത്ത് ജീവിയുടെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്ന കുലിനമായ എഴുത്ത് ശീലങ്ങളെ കേവലം കക്കൂസ് ജീവികളായ ബ്ലോഗര്‍മാര്‍ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ നെറ്റിലിട്ട് വലിച്ചിഴക്കരുതായിരുന്നു. അവര്‍ക്ക് കക്കൂസില്‍ കേറാതെതന്നെ ആജിവനാന്തം ജീവിക്കണമെന്ന വാശിയുണ്ടായിരുന്നെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്. അസുഖകരമായ സമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും,വിഢികളായ വേസ്റ്റ് മനുഷ്യരുടെ നിശ്വാസങ്ങളേയും വിയര്‍പ്പു മണത്തെയും കക്കൂസ് ചുമരുകളില്‍ നേരില്‍ കണ്ട് ഞെട്ടേണ്ടിവരുന്ന കുലിന സാഹിത്യ തറവാട്ടിലെ ഒരു അരുമയെ പ്രിന്റു മീഡിയയുടെ ശീതീകരിച്ച സ്വീകരണമുറിയിലിരുത്തി കാര്യങ്ങള്‍ സാധിക്കാന്‍ അനുവദിക്കുന്നതിനു പകരം നമ്മുടെ ബൂലോകം ചെയ്യുന്ന ഈ അക്രമം മേനോന്‍ ജാതി വൃണങ്ങളെ വികാരപ്പെടുത്താന്‍ പോലും കാരണമായെന്നു പറയേണ്ടിയിരിക്കുന്നു.

  മൂരാച്ചികളായ ബ്ലോഗര്‍മാരും നമ്മുടെ ബൂലോകവും കുലുക്കി പൊളിച്ച പാലത്തില്‍ കുലുങ്ങാതെ നില്‍ക്കുന്ന ഇന്ദു മേനോനെ സ്വന്തമായി ബ്ലോഗ് തുടങ്ങിയതിന്റെ പേരില്‍ അഭിനന്ദിക്കാതിരിക്കാന്‍ എത്ര ശ്രമിച്ചിട്ടും ചിത്രകാരനു കഴിയുന്നില്ല.

  ഇന്ദു മേനോനും ബ്ലോഗ്കക്കൂസില്‍ കേറാന്‍ തുടങ്ങിയെന്ന് ചുരുക്കം !!! ഇന്ദു മേനോനും കക്കൂസ് ചുവരിലെഴുതാന്‍ തുടങ്ങി !!

  ReplyDelete
 8. പ്രിയ സഹോദരങ്ങളെ പറയുന്നത് അവിവേകം എങ്കില്‍ പൊറുക്കുക ഇന്ദുമേനോന്‍ എന്ന വെക്തി ഈ പോസ്റ്റില്‍ പറഞ്ഞ പോലെ നേരെത്തെ കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിച്ചു അല്ലെങ്കില്‍ അവര് പറയുന്ന പ്പോലെ കാര്യങ്ങള്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നത് നേര് തന്നെ അതിനു ആ സമയത്ത് തന്നെ നമ്മള്‍ ന്യായമായും അന്ന്യായമായും നമ്മുടെ പ്രതികരണങ്ങള്‍ അവരെ പോസ്റ്റായും കമെന്റായും അവരെ അറിയിച്ചു ഇപ്പോള്‍ അവര്‍ ബ്ലോഗിലേക്ക് വന്നപ്പോള്‍ നമ്മള്‍ അവരെ എതിര്‍ക്കേണ്ട യാതൊരു കാര്യവും ഇല്ല കാരണം അവര്‍ പറഞ്ഞത് അവര്‍ തിരുത്തി എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവല്ലേ അവര്‍ പുതിയ ബ്ലോഗുമായി ഉള്ള ഈ വരവ് അപ്പോള്‍ നമ്മള്‍ അവരെ ആക്ഷേപിച്ചു ഒറ്റപെടുത്തുക എന്നത് ശരിയല്ല അവിവേകം എങ്കില്‍ ക്ഷമിക്കുക

  ReplyDelete
 9. എന്തായാലും ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷി തിരിച്ചറിഞ്ഞവരായത് കൊണ്ട് മലയാളി ബ്ലോഗ് ലോകത്തേക്ക് പ്രിയ എഴുത്തുകാരി... താങ്കള്‍ക്ക് സ്വാഗതം. എവിടെയെഴുതുന്നു എന്നതിനേക്കാള്‍ എന്ത് എഴുതുന്നു എന്നതാണ് പ്രധാനമെന്ന സത്യം മനസ്സിലാക്കിയതിന് നന്ദി.....

  മനോരാജ് അവരെ അധിക്ഷേപിക്കുന്നതായി തോന്നുന്നില്ല, കാര്യം പറഞ്ഞു കൊണ്ട് സ്വാഗതം ചെയ്യുന്നു. അത്രയല്ലേ ഉള്ളൂ...

  ReplyDelete
 10. ചന്തുമേനോന്‍ മുതല്‍ ഇന്ദു മേനോന്‍ വരെ എന്നൊരു പഠനം നടത്തിയാലോ.. ?

  ReplyDelete
 11. അതോ ഇന്ദു ലേഖ മുതല്‍ ഇന്ദു മേനോന്‍ വരെ എന്നായാലോ ...?

  ReplyDelete
 12. ബൈ ദ ബൈ ,
  നമ്മുടെ ചന്തുമേനോന്‍ തന്റെ കഥാപാത്രത്തിന് ഇന്ദു മേനോന്‍ എന്ന് പേരിടാതെ ഇന്ദു ലേഖ എന്ന് പേരിട്ടത് എന്ത് കൊണ്ടായിരിക്കും .?

  ReplyDelete
 13. മനുഷ്യര്‍ ഇപ്പൊ "പുരോഗമിച്ചു അല്ലെ.. "!! ഇതാണോ സാര്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നൊക്കെ പറയുന്നത്..?

  ReplyDelete
 14. എന്തായാലും ശ്രീമതി ഇന്ദു മേനോന്‍ ആശംസകള്‍.. .. സമൂഹത്തിലെ ചിലന്തി വലകളില്‍ നിന്നും സ്വയം വേര്‍പെടുത്തി പറന്നുയരാന്‍ സര്‍ഗ്ഗ ശേഷിയുള്ള ഈ എഴുത്തുകാരിക്ക് കഴിയുമാറാകട്ടെ ..!

  ReplyDelete
 15. എന്തായാലും ഇന്ദു മെനോൻ ബ്ലോഗു തുടങ്ങാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു.

  ബ്ലോഗിനെക്കാൾ ഫെയ്സ് ബുക്ക് വാളിലെ ക്രിയകളെയാണ് അവർ വിമർശിച്ചതെന്നു തോന്നുന്നു.

  എന്നാൽ, കമ്പ്യൂട്ടറിൽ എഴുതാൻ താല്പര്യമില്ലെന്നത് അവർ പറഞ്ഞതു തന്നെയാണ്.

  ആ സ്ഥിതിക്ക് ഇതൊരു മാനസാന്തരമായും, ബ്ലോഗെന്ന മാധ്യമത്തിന്റെ വിജയമായും നമുക്കു കാണാം.

  ഇനി അവരെ നമ്മളിലൊരാളായിത്തന്നെ കാണാം.

  ആത്യന്തികമായി അഭിപ്രായമെന്നത്, ഇരുമ്പുലക്കയൊന്നുമല്ലല്ലോ! അതു മാറാം!!

  ReplyDelete
 16. ഇന്ദുമേനോനെ ബൂലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ, അവർക്ക് ബ്ലോഗുകളെപ്പറ്റിയുണ്ടായിരുന്ന മുൻ അഭിപ്രായങ്ങൾ പ്രതിപാദിക്കുന്നതിൽ തെറ്റൊന്നും ഇല്ല. അത്ര മാത്രമേ ഈ ലേഖനത്തിലൂടെ മനോരാജ് ചെയ്തിട്ടുള്ളൂ.

  ഇന്ദുമേനോന് ബൂലോകത്തേക്ക് സ്വാഗതം. പ്രിന്റ് മീഡിയ എഴുത്തിനൊപ്പം ബൂലോകത്തും സജീവമായിട്ടുള്ള ഒരാളായി തുടരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 17. ബൂലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയായിരിയ്ക്കണം തന്നെപ്പോലെ ഇന്തുമേനോനും മുമ്പ് മനസ്സിലാക്കിയിരിയ്ക്കുകയെന്നാണ് ശ്രീ കെ. പി. രാമനുണ്ണി പറഞ്ഞത്. മലയാളത്തിൽ വായന മരിയ്ക്കുന്നു എന്നു തുഞ്ചൻ പറമ്പിലെ ചർച്ചയിൽ പറഞ്ഞ ഒരു പ്രശസ്ത കഥാകാരിയുടെ കട്ടയും പടവും മടക്കി ഞാനുന്നയിച്ച ചോദ്യങ്ങളും "ടോയ്‌ലറ്റ് സാഹിത്യത്തിന്റെ" പ്രസക്തിയും അവിടെ സന്നിഹിതരായിരുന്നവരെ പ്രത്യേകിച്ച് പരസ്പര സഹായികളായ വമ്പൻ സാഹിത്യകരെ അൽപ്പം ചിന്തിപ്പിച്ചിട്ടുണ്ടാവുമെന്നുറപ്പ്. സജീവമാകാൻ രാമനുണ്ണിക്കു കഴിയുന്നില്ലെങ്കിലും ബൂലോകത്തിന്റെ ആവശ്യകതയും ഗുണങ്ങളും പറയുന്നതിനൊപ്പം ബ്ലോഗുവായനയും അദ്ദേഹം നടത്തുന്നുണ്ട്. പല ബ്ലോഗർമാരുടേയും ഏറ്റവും പുതിയ പോസ്റ്റുകളെക്കുറിച്ച് സൂചിപ്പിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ. ഇന്ദുമേനോൻ ബ്ലോഗു തുടങ്ങിയിട്ടുണ്ടെങ്കിൽ അവരും ബൂലോകത്തെ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടാവണം. സാഹിത്യലോകത്തെ അതികായന്മാരെന്നു വിശേഷിപ്പിയ്ക്കാവുന്ന പലരും വൈകാതെ ബ്ലോഗിലെത്തുമെന്നാണു താൻ കരുതുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

  ഇന്ദുമേനോനെയും (അവരുടെ ബ്ലോഗാണെന്ന് എനിക്കു തോന്നുന്നില്ല) അവരുടെ ബ്ലോഗിനെയും ബൂലോകത്തേയ്ക്ക് സ്വാഗതം ചെയ്യാം.

  ReplyDelete
 18. @ ചിത്രകാരൻ - താങ്കളുടെ കമന്റ് ഒരിക്കലും ഡിലീറ്റ് ചെയ്തിട്ടില്ല. അത് സ്പാമിൽ കയറിപ്പോയതാണ് പ്രശ്നം ഉണ്ടാക്കിയത്. രണ്ടാമത്തെ കമന്റ് (അതും മെയിൽ വഴി കിട്ടി, പക്ഷെ പോസ്റ്റിന് കീഴെ വന്നില്ല.) കിട്ടിയപ്പോളാണ് ഇക്കാര്യം പരിശോധിച്ചത്. ഉടനെ തന്നെ സ്പാമിൽ നിന്ന് വെളിയിൽ എടുക്കുകയും ചെയ്തു. രണ്ട് കമന്റുകളും ഇപ്പോൾ പോസ്റ്റിന് കീഴെ കാണാം. കൂട്ടത്തിൽ മറ്റ് പല പോസ്റ്റുകളിലുമായി വന്ന 8 കമന്റുകളും സ്പാമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്.

  പലപ്പോഴും ഗൂഗിളിന്റെ ഇത്തരം കുഴപ്പങ്ങളാണ് നമുക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. അത് മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  ReplyDelete
 19. അങ്ങനെ നമ്മുടെ കക്കൂസ് സാഹിത്യത്തിലേക്ക് ഒരാൾ കൂടി. നമ്മുടെ കക്കൂസിനങ്ങനെ അയിത്തവും തൊട്ടുകൂടായ്മയും തൂറിക്കൂടായ്മയും ഒന്നുമില്ല. എന്തായാലും സന്തോഷമുണ്ട് നല്ലൊരു എഴുത്തുകാരി ബ്ലോഗ്ഗറായി വരുന്നതിൽ. അത് ബ്ലോഗ്ഗേഴ്സിന്റെ ഒരു വൻ വിജയമല്ലേ ? നമ്മളെ അംഗീകരിക്കുന്നതോണ്ടാണല്ലോ ഇപ്പോൾ ഇങ്ങോട്ട് വന്നത്. ഇനി നമ്മൾ അവരെ ക്രൂശിക്കരുത്. നമ്മൾ സംസ്ക്കാരമില്ലാത്തവരാണെന്ന് അവർ പറഞ്ഞതൊക്കെ സത്യമായിത്തീരും. അതുകൊണ്ട് നന്നായി സ്വാഗതം ചെയ്യാം, നമുക്കവരെ.

  ReplyDelete
 20. ഗൂഗിളിന്റെ സ്പാം ഒളിച്ചുകളിമൂലമുണ്ടായ തെറ്റിദ്ധാരണ നീക്കിയതില്‍ സന്തോഷം അറിയിച്ചുകൊള്ളുന്നു.
  സ്പാം തെറ്റിദ്ധരണമൂലമുണ്ടായ ചിത്രകാരന്റെ രണ്ടാമത്തെ കമന്റും പോസ്റ്റിലെ പരാമര്‍ശങ്ങളും
  അപ്രസക്തമായതിനാല്‍ നീക്കം ചെയ്യുന്നു.
  സസ്നേഹം...
  ആശംസകള്‍ !!

  ReplyDelete
 21. അതെ, തെറ്റായി ഒന്നും തോന്നുന്നില്ല. പറ്റിയ തെറ്റ് എന്താണ് എന്ന് പറഞ്ഞുകൊടുത്തുകൊണ്ടുള്ള ഒരു സ്വാഗതം പറച്ചില്‍ . അങ്ങനെ കണ്ടാല്‍ പോരെ മനുവേട്ടന്റെ ഈ പോസ്റ്റിനെ

  ReplyDelete
 22. കലര്‍പ്പില്ലാത്ത മലയാളത്തനിമ, മരങ്ങള്‍, മലകള്‍, വയലുകള്‍, പുഴകള്‍ ഇതൊക്കെ എനിക്കു നഷ്ടപ്പെട്ട സ്വപ്നമായിരുന്നു. കാണാന്‍ കൊതിച്ച നാടന്‍ കലകളും പാട്ടുകളും മനസ്സില്‍ നിന്നും അപ്രത്യക്ഷമാവുന്നു. എല്ലാം നഷ്ടപ്പെട്ട സ്വപ്നമായി മാറുന്നു. ഓമനിച്ച കലകളും നാടന്‍ ശീലുകളും പുതു വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍, ആധുനിക സാഹിത്യത്തിന്റെ തീഷ്ണതയില്‍ വാടിപ്പോവുകയാണോ. അല്ലങ്കില്‍ ഈ മരുഭൂമിയിലെ ഉച്ചവെയിലില്‍ ഉഷ്ണം താങ്ങാന്‍ ആവാതെ അത്തരം കലകളും ഓര്‍മകളും മനസ്സില്‍ നിന്നും വരണ്ടുണങ്ങിപ്പോവുകയാണോ ..

  പ്രവാസികള്‍ക്കിടയില്‍ കൊഴിഞ്ഞുവീഴുന്ന ചില സത്യങ്ങളുടെ വേരുകള്‍തേടിയുള്ള ഈ യാത്രക്കിടയിലാണ് booലോക മലയാള ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇവിടെ പ്രവേശിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരുപാടു ഓര്‍മകള്‍ പുനര്‍ജനിക്കുമ്പോലെ തോന്നി. ബ്ലോഗിലൂടെ സഞ്ചരിച്ചപ്പോള്‍ കുറെ ഏറെ നല്ല കാര്യങ്ങള്‍ വായിക്കാനും കാണാനും കഴിഞ്ഞു, വരണ്ട മനസ്സിനെ വീണ്ടും തളിരിടീക്കാന്‍ കഴിഞ്ഞു. പഴയ കാലത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നത് പോലെ അനുഭവപ്പെട്ടു, ചുട്ടു പൊള്ളുന്ന മരുഭൂമിയിലാണങ്കിലും നാട്ടിലെ വയലുകളും മരങ്ങളും മലകളും നീലാകാശവും അരുവികളും ഓര്‍മയില്‍ പാഞ്ഞെത്തി, പഴയ ഓര്‍മകള്‍ മനസ്സില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒഴിവ് സമയങ്ങളില്‍ ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും (മുല്ലപ്പെരിയാര്‍ ഒരുദാഹരണം മാത്രം) വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകകയാണന്ന് ഞാന്‍ അറിഞ്ഞു.

  എഴുത്തിനോടൊപ്പം വീഡിയോ ക്ലിപ്പിലൂടെ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും മറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വയലുകളുടെ വരണ്ട മണലിലും അമ്പല മൂറ്റങ്ങളിലും അവതരിപ്പിക്കുന്ന കലാ സാംസ്കാരിക വേദികളുടെ നാടകങ്ങള്‍ ഓട്ടം തുള്ളല്‍ കൂടിയാട്ടം നാടന്‍ പാട്ടുകള്‍ ഇങ്ങിനെ വിവിധ കലാരൂപങ്ങളെ സ്ക്രീനിലൂടെ കാണിച്ചപ്പോള്‍ (ഈ വിഷയത്തിലുള്ള ക്ലിപ്പുകളും എഴുത്തും വളരെ കുറച്ചേ കാണാന്‍ പറ്റിയുള്ളൂവെങ്കിലും) ഭൂത കാല ഓര്‍മ്മകളിലേക്ക് വീണ്ടും മനസ്സ് സഞ്ചരിച്ചു.....
  ഇതൊന്നും എഴുത്ത് കാരി പറഞ്ഞ --- സാഹിത്യമായി എനിക്കു തോന്നിയിട്ടില്ല. മറിച്ചു ഭാഷയേയും കലയെയും ജീവിപ്പിക്കുന്നതായേ തോന്നിയിട്ടുള്ളൂ ....
  അവരും ഈ മീഡിയയിലേക്ക് വന്നിട്ടുണ്ടങ്കില്‍ നമുക്ക് അവരെ സ്വീകരിക്കാം.... അവരുടെ നല്ല എഴുത്തുകള്‍ ബൂലോകത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ...അപ്പോഴും പഴയ നിലപാട് തുടര്‍ന്നു സ്വയം ചെറുതാവാന്‍ ശ്രമിക്കരുത് എന്ന അഭ്യര്‍ത്ഥന മാത്രം..
  ബൂലോകത്തിന് ആശംസകള്‍ ....

  ReplyDelete
 23. ഒട്ടേറെ മികച്ച കഥകളും കുറിപ്പുകളും എഴുതി നല്ല ഒരു ബ്ലോഗനുഭവം വായനക്കാര്‍ക്ക് പ്രദാനം ചെയ്യുവാന്‍ ഇന്ദുവിന് കഴിയുമെന്ന് ഉറപ്പ്. എല്ലാവിധ ആശംസകളും..

  ReplyDelete
 24. ജാഢകളെ വെറുതെ വിടുക

  ReplyDelete
 25. ഒരു പൈങ്കിളി ബന്ധത്തെ അപാരപ്രണയമെന്നു വിളിച്ചു കൂവിയ ഇന്ദുമെനോനെ കേരളം അംഗീകരിക്കുന്നില്ലെന്നു വേണം കരുതാന്‍..............കിണറ്റു തവളവകളെ അരെങ്കിലും കണക്കീലെടുക്കുമൊ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ