കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗവരദന്‍, മൌനത്തിനപ്പുറത്തേക്ക് ... എന്നീ പുസ്തകങ്ങള്‍ orders@nbpublication.com എന്ന മെയില്‍ ഐ ഡി യില്‍ ഇന്ത്യയിലെ നിങ്ങളുടെ വിലാസം അയച്ചു തന്നാല്‍ പുസ്തകം VPP ആയി അയക്കുന്നതായിരിക്കും. (VPP ചാര്‍ജ് പുറമേ )

.

മുല്ലപ്പെരിയാര്‍ ജനതയ്ക്ക് മരതക ദ്വീപിന്റെ ഐക്യദാര്‍ഢ്യം.












മിനേഷ്, ബഹറിൻ

മുല്ലപെരിയാര്‍ അണക്കെട്ട് കേരളീയ സമൂഹത്തിലും ആഗോളതലത്തിലും മാനവികതയുടെ മുകളില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബഹറിനിലെ ഏറ്റവും വലിയ മലയാളി പ്രവാസ കൂട്ടായ്മയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഡ്യ സമ്മേളനം മലയാളിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ബഹറിന്‍ നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.

ഡാം സുരക്ഷയെകുറിച്ച് അനുനിമിഷം ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ്   എന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ ആവശ്യപ്പെട്ടു.


പ്രവാസ സമൂഹത്തിന്റെ ആകുലതകള്‍ അദ്ദേഹം ചടങ്ങുമായി പങ്കുവെച്ചു.  തമിഴ് ജനതയുടെ ജലലഭ്യത എന്ന ആവശ്യവും കേരളത്തിനു വളരെ പ്രധാനപെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കാലവിളംബം കൂടാതെയുള്ള ചര്‍ച്ചകള്‍ നടത്തി ഇതു സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള  ഭീതി അകറ്റണമെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് സമാജം കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു.

തുടര്‍ന്നു സമാജം സെക്രട്ടറി വര്‍ഗ്ഗീസ്‌ കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണിനിരന്നിട്ടുള്ള കേരള ജനതയ്ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രമേയത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബഹറിനിലെ മലയാളി സമൂഹത്തിനു വേണ്ടി സമാജം ആവശ്യപ്പെട്ടു.


ബഹറിനിലെ മലയാളികളുടെ ഈ വിഷയത്തിലുള്ള ജാഗ്രതയും കരുതലും അനുഭാവവുമായി  സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചിരാതുകളും തെളിയിച്ചു.  ബിജു എം സതീഷ്‌ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ സദസ്സിനു ചൊല്ലികൊടുത്തു.



തുടര്‍ന്നു സംസാരിച്ച സജി മാർക്കോസ് ഈ വിഷയത്തില്‍ അടിയന്തിരമായി കേരളത്തിലെ മൂന്നു കോടി ജനങ്ങളുടെ ഇച്ഛാശക്തി  ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപെട്ടു. ഡാമിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ് എന്ന സി എസ് എം ആര്‍ സംഖത്തിലുണ്ടായിരുന്ന കേരള പ്രതിനിധിയുടെ  റിപ്പോര്‍ട്ട്  കേരള സര്‍ക്കാരിനു മുന്നില്‍  ലഭിച്ചിട്ട് ആറുമാസമായി. വിദൂര നിയന്ത്രണ വാഹനവും ക്യാമറയും ഉപയോഗിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ ഡാമിന് വലിയതോതിലുള്ള ബലക്ഷയം സംഭവിച്ചിട്ടുള്ളതായി  തെളിഞ്ഞിട്ടുണ്ട്. ഒരു ഭൂചലനം ഈ ഡാമിന്റ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുത മലയാളികള്‍ പോലും പൂർണ്ണമായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡാം സുരക്ഷിതമാണെന്നും മറ്റും തമിഴ് ജനതയ്ക്ക് മുന്നിലും പല തെറ്റിദ്ധാരണകളും  പ്രചരിക്കുന്നുണ്ട്.  മുപ്പത്തിഅഞ്ചു ലക്ഷം പേരുടെ ജീവിതം തുലാസില്‍ നില്‍ക്കുന്ന ഈ അവസരത്തിലും ഇടുക്കി അണക്കെട്ടിന്റെ ബലത്തെപറ്റിയോ ഭ്രംശ മേഖലയില്‍ പുതിയൊരു ഡാം ഉണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയോ വേണ്ട വിധത്തിലുള്ള ഒരു പഠനവും നടത്താതെയാണ് പുതിയ ഡാം എന്ന നിര്‍ദ്ദേശം നാം മുന്നോട്ടു വെക്കുന്നത് എന്ന് മറക്കരുത്. അടിയന്തിരമായി ഈ വിഷയത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.  അതേസമയം അപകടാവസ്ഥയിലുള്ള ഡാം ഡീക്കമ്മീഷൺ ചെയ്യുന്നതിൽ കാലതാമസം പാടില്ല. ഇടുക്കി ഡാമിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ വേണ്ട വിഷയത്തിൽ പരിഹരിക്കപ്പെടാത്തത്   നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയും അതുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷഭീഷണിയും ചടങ്ങില്‍ സംസാരിച്ച എബ്രഹാം സാമുവല്‍, രാജു കല്ലുംപുറം എന്നിവര്‍ പങ്കുവെച്ചു. കാവേരി നദീ ജലതര്‍ക്കം പരിഹരിക്കപ്പെട്ടത്‌ പോലെ ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ രമ്യതയിലുള്ള ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് വേണ്ടത് എന്ന് ഡി. സലിം അഭിപ്രായപെട്ടു. ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും മിനേഷ് ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.


Share/Bookmark

6 comments:

നിരക്ഷരൻ December 5, 2011 1:08 PM  

ഇതിന്റെ പിന്നിലുള്ള കളികൾ ചിന്തിച്ച് ചിന്തിച്ച് ഭ്രാന്ത് പിടിക്കുന്നു. അതുകൊണ്ട്... ഇനിയങ്ങോട്ട് സുരക്ഷ ഉറപ്പാക്കുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്. ഡാം പൊട്ടിയാലും ഇല്ലെങ്കിലും നമ്മുടെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം ചെയ്തിരിക്കണം. എല്ലാവരും കൈയ്യൊഴിഞ്ഞിരിക്കുന്നു 5 ജില്ലകളെ.

ബഹറിൻ മലയാളികളുടെ ഈ ഐക്യദാർഢ്യം സമരമുഖത്തുള്ളവർക്ക് ഊർജ്ജം പകരുമാറാകട്ടെ.

ഒരു കുഞ്ഞുമയില്‍പീലി December 5, 2011 1:37 PM  

നമുക്ക് ഇവിടെ ഇരുന്നു ഇതല്ലേ ചെയ്യാന്‍ കഴിയൂ ..പ്രാര്‍ത്ഥനകളുടെ മതിലുകള്‍ പണിയാം നമുക്ക് .....എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ഷിബു തോവാള December 5, 2011 1:43 PM  

മനോജ് പറഞ്ഞതുപോലെ മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ നാറുന്ന പിന്നാമ്പുറകഥകളിൽ,തങ്ങളുടെ സമ്പത്തിൽ മുറുകെപ്പിടിച്ചിരിക്കുന്ന ചില മലയാളികളുടെ കൈകൾകൂടി ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. സിനിമാമേഖലയിൽനിന്നുള്ള മൗനവും,രാഷ്ട്രീയത്തിൽനിന്നുമുള്ള ചില അഭിപ്രായങ്ങളും, നിരുത്തരവാദിത്ത്വപരമായ സമീപനങ്ങളും 35 ലക്ഷം ജനങ്ങളുടെ ജീവിതം ബലികൊടുത്തും, തമിഴ്നാട്ടിൽ സമ്പാദിച്ചിട്ടിരിക്കുന്ന സമ്പാദ്യം നിൽനിർത്തുവാനുള്ള ചിലരുടെ വ്യഗ്രതയെ വെളിപ്പെടുത്തുന്നു. നമ്മളെ സംരക്ഷിക്കുവാൻ നമ്മൾ മാത്രം...ലോകമാസകലമുള്ള മലയാളികൾ മുല്ലപ്പെരിയാറിനായി കൈ കോർക്കട്ടെ.. സമരമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നവർക്ക് ആവേശം പകരുവാൻ ഓരോ മലയാളിയും മുന്നിട്ടിറങ്ങട്ടെ...

സേവ് മുല്ലപ്പെരിയാർ, സേവ് കേരള.

jayanEvoor December 5, 2011 5:03 PM  

അഭിനന്ദനങ്ങള്‍ .
നമുക്കൊപ്പം നമ്മള്‍ മാത്രം!
ലോകമെമ്പാടുമുള്ള മലയാളി സഹോദരരെ, ഉണര്‍ന്നു പ്രവര്‍ത്തിക്കുവിന്‍ !!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM December 5, 2011 6:31 PM  

ഏകദേശം രണ്ടു വര്‍ഷം മുമ്പു തന്നെ (2010 ജനുവരി ആദ്യവാരത്തില്‍) നടന്ന ബഹറിനിലെ മലയാളം ബ്ലോഗേഴ്സിന്റെ കൂട്ടായ്മയില്‍ മുല്ലപ്പെറിയാറിന്റെ അപകടാവസ്ഥയെപ്പറ്റി സജി മാര്‍ക്കോസ് ഒരു വീഡിയോ പ്രസന്റേഷന്‍ നടത്തുകയും അത്യന്തം ഗൌരവമര്‍ഹിക്കുന്ന ഒരു വിഷയമായി അതിനെ അവതരിപ്പിക്കുകയുമുണ്ടായി എന്ന കാര്യം ഇവിടെ സ്മരിക്കുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബഹറിന്‍ ബൂലോകം എന്ന ബ്ലോഗില്‍ ഉണ്ട് (http://bahrainboolokam.blogspot.com/2010/01/2010_09.html) REBUILD MULLAPPERIYAL DAM SAVE KERALA എന്ന ബ്ലോഗ് കൂട്ടായ്മയും, (http://rebuilddam.blogspot.com) നിരക്ഷരന്‍ തന്നെ തന്റെ ബ്ലോഗിലൂടെ നടത്തുന്ന പ്രചരണങ്ങളും നമ്മുടെ പൊതു സമൂഹത്തിന്റെ നന്മയെ ലാക്കാക്കി സൈബര്‍ ലോകം നടത്തുന്ന ഇടപെടലുകളിലേക്കു വെളിച്ചം വീശുന്നു. നിരക്ഷരനൊടൊപ്പം നിരവധി പേര്‍ സൈബര്‍ലോകത്തു സജീവമായുണ്ട് എന്നതും ബൂലോക കൂട്ടായ്മയുടെ പോസിറ്റീവ് ഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമായി മുല്ലപ്പെരിയാല്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ സമാജം പോലുള്ള സംഘടനകള്‍ വേദിയായത് നല്ല കാര്യം. ബൂലോക കൂട്ടായ്മയുടെ ശക്തിയെ എടുത്തു കാണിക്കുവാനാണിവിടെ ഇത്രയും കുറിച്ചത്.

MKERALAM December 6, 2011 12:41 AM  

ഈ ബോധവല്‍ക്കരണം അഭിനന്ദനീയമാണ്.

ഈ ലിങ്കും കാണുക

http://supportkerala.org/

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox