ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

മൂന്ന് പഠനശിബിരങ്ങൾ

നിരക്ഷരൻ
-മലയാളത്തിൽ, എന്തുകൊണ്ടും ഉണർവ്വ് ഉണ്ടാക്കാൻ പോകുന്ന വർഷം തന്നെയാണെന്ന് 2011 എന്ന് ഇതുവരെ കാണാനായ പ്രവർത്തനങ്ങളിൽ നിന്ന് വിലയിരുത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസം 14ന് ഇ-ഭാഷാ സെമിനാർ സംഘടിപ്പിച്ചുകൊണ്ട് ഇതേ വിഷയത്തിൽ സാഹിത്യ അക്കാഡമി കാണിച്ച താല്‍പ്പര്യം ബൂലോകർ നല്ല രീതിയിൽ ഉൾക്കൊള്ളുകയും, തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് കാണിച്ച് ഒരു ഹർജി സാഹിത്യ അക്കാഡമി സമക്ഷം സമർപ്പിക്കണമെന്ന് ആദ്യശില്‍പ്പശാലയുടെ സംഘാടകനായിരുന്ന ശ്രീ കെ.എച്ച്.ഹുസൈൻ ആവശ്യപ്പെട്ടതനുസരിച്ച് ഹർജി തയ്യാറാക്കുകയുമുണ്ടായി. ഒരു മാസം കാലയളവിൽ 1000 ൽ അധികം ഒപ്പുകളാണ് ആ ഹർജിയിലേക്ക് ശേഖരിക്കപ്പെട്ടത്.


പ്രസ്തുത ഭീമഹർജിയുടെ പ്രിന്റ് എടുത്ത് ബൂലോകർ തന്നെ അത് അക്കാഡമിക്ക് സമർപ്പിക്കുന്നതിന് മുന്നേ തന്നെ അക്കാഡമി പ്രസിഡന്റ് വത്സല ടീച്ചറുടെ നിർദ്ദേശപ്രകാരം അക്കാഡമി ലൈബ്രേറിയൻ അത് പ്രിന്റ് എടുത്ത് രേഖയായി സ്വീകരിക്കുകയും, അതിന്റെ തുടർനടപടി എന്ന നിലയ്ക്ക് പീച്ചിയിൽ വെച്ച് കൂടുതൽ കാര്യക്ഷമമായ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി ആശയവിനിമയങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ മറ്റൊരു നല്ല സെമിനാർ ഉണ്ടാകുമെന്നും അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതാം.

അതിനിടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്ന 3 പഠനശിബിരങ്ങളെപ്പറ്റിയുള്ള എന്റെ അനുഭവങ്ങൾ ഇവിടെ കുറിക്കട്ടെ.

19 ഫെബ്രുവരി 2011

എറണാകുളത്ത് ടോക്ക് എച്ച് സ്കൂളിൽ വെച്ച് നടന്ന വിക്കിപീഡിയ പഠനശിബിരത്തിൽ 30ന് അടുക്കെ പങ്കാളിത്തമുണ്ടായിരുന്നു. യഥാസമയം പഠനശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയവർ അടുത്ത വിക്കി പഠനശിബിരം എവിടെയാണെന്ന് ചോദിച്ചുകൊണ്ട് ഇപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശാവഹമായ ഒരു കാര്യമായി ഇതിനെ കാണാതെ വയ്യ.

എറണാകുളം വിക്കി പഠനശിബിരം
അനൂപും ഡോ:ഫുആദ്‌ഉം ക്ലാസ്സെടുക്കുന്നു.
ഒരു ഗ്രൂപ്പ് ഫോട്ടോ (ഭാഗികം)
എറണാകുളം വിക്കിയിൽ ക്ലാസ്സ് എടുക്കാനായി ബാംഗ്ലൂരുനിന്ന് എത്തിയ അനൂപിനും, കൊല്ലത്തുനിന്നെത്തിയ ഡോ:ഫുആദ്നുമൊപ്പം വളരെ താല്‍പ്പര്യത്തോടെ പങ്കെടുത്ത സീനിയർ പൗരന്മാർ അടക്കമുള്ള എല്ലാ പഠിതാക്കൾക്കും നന്ദി. കൊച്ചി റിഫൈനറി എന്ന വിക്കിപീഡിയ താൾ ഉണ്ടാക്കിക്കൊണ്ടാണ് വിക്കി പഠനം നടത്തിയത്. എറണാകുളം വിക്കി പഠനശിബിരത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇതുവഴി പോകുക.

20 ഫെബ്രുവരി 2011

വയനാട്ടിലെ കുറുവയിൽ വെച്ച് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇ-ഭാഷാ പഠന ക്യാമ്പിലേക്ക് ക്ഷണം കിട്ടിയപ്പോൾ സ്ഥിരതാവളമായ വയനാട്ടിലേക്ക് പോകാമെന്ന സന്തോഷത്തിനപ്പുറം, ലൈബ്രറി മാനേജ്മെന്റ് സിസ്റ്റത്തിൽ തന്റേതായ നിസ്വാർത്ഥ സേവനങ്ങൾ നൽകിയിട്ടുള്ള, അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾക്കായി ജീവിതത്തിലെ നല്ലൊരു പങ്ക് സമയവും ചിലവഴിക്കുന്ന ശ്രീ കെ.എച്ച്.ഹുസൈന്റെ ക്ലാസ്സിൽ പങ്കെടുക്കാമെന്ന സന്തോഷവും ഉണ്ടായിരുന്നു.
ശ്രീ കെ.എച്ച്.ഹുസൈൻ ക്ലാസ്സ് എടുക്കുന്നു.
ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസം, ബ്ലോഗിങ്ങ് വിക്കിപീഡിയ എന്നീ വിഷയങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ശ്രീ കെ.എച്ച് ഹുസൈൻ, ഡി.പ്രദീപ്‌കുമാർ, ചിത്രകാരൻ, മൈന ഉമൈബാൻ, സുനിൽ കെ.ഫൈസൽ, മുള്ളൂർക്കാരൻ, ഹബീബ്, നന്ദകുമാർ, ജോഹർ എന്നിവർക്കൊപ്പം സെമിനാറിൽ പങ്കെടുക്കാനായത് അതിയായ സന്തോഷത്തിനിടയാക്കി.

ഹുസൈൻ സാർ വളരെ വിശദമായിത്തന്നെ ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. അതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രസന്റേഷനായി അവതരിപ്പിക്കപ്പെടുകയും ചെയ്തു.

ഇന്റർനെറ്റിന്റെ വേഗത അല്‍പ്പം കുറവായിരുന്നെങ്കിലും,  മെയിൽ ഐഡി എങ്ങനെ ഉണ്ടാക്കാം, ബ്ലോഗ് എങ്ങനെ ഉണ്ടാക്കാം എന്നതൊക്കെ  മുള്ളൂക്കാരൻ ഓൺലൈനായിത്തന്നെ അവതരിപ്പിച്ചു.

മുള്ളൂക്കാരന്റെ ബ്ലോഗ് ക്ലാസ്സ്

വിക്കിപീഡിയയെപ്പറ്റിയുള്ള പഠനം നടത്തിയത് ഹബീബാണ്. കുറുവയ്ക്ക് തൊട്ടടുത്തുള്ള പാക്കം എന്ന സ്ഥലത്തെപ്പറ്റിയുള്ള താൾ ഉണ്ടാക്കിക്കൊണ്ട് ഹബീബ് തന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചു.
ഹബീബിന്റെ വിക്കിപീഡിയ ക്ലാസ്സ്
വയനാട്ടിലെ ആദിവാസി സഹജീവികൾക്കായി അഹോരാത്രം അദ്ധ്വാനിക്കുന്ന കുഞ്ഞഹമ്മദിക്കയും ചടങ്ങിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തെപ്പറ്റി പബ്ലിഷ് ചെയ്തിരിക്കുന്ന ബ്ലോഗ് പോസ്റ്റ് ഓൺലൈനായി കാണിച്ചുകൊടുത്തുകൊണ്ടുതന്നെ വയനാട്ടുകാർക്ക് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുത്തിക്കൊടുക്കാനായി.

സന്നിഹിതരായിരുന്ന ബ്ലോഗേഴ്സ്
സമയപരിമിതി കാരണം സെമിനാറിന്റെ അവസാനഭാഗം മൈന ഉമൈബാന്റേയും ഈയുള്ളവന്റേയും സംസാരം പെട്ടെന്നുതന്നെ അവസാനിപ്പിക്കേണ്ടി വന്നു. അല്‍പ്പം വൈകിയുള്ള ഉച്ചഭക്ഷണത്തിനുശേഷം എല്ലാവരും സ്വന്തം നാടുകളിലേക്ക് മടങ്ങി.

22 ഫെബ്രുവരി 2011

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിൽ 22, 23 തീയതികളിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഉണ്ടെന്നും സ്ഥലത്തുണ്ടെങ്കിൽ പങ്കെടുക്കണമെന്നും ഹുസൈൻ സാർ വളരെ മുന്നേ തന്നെ അറിയിച്ചിരുന്നതാണ്. ക്യാമ്പിലെ ഒരു കാഴ്ച്ചക്കാരനായി പങ്കെടുക്കാം എന്ന് കരുതിയിരുന്നെകിലും കോളേജിൽ എത്തിയപ്പോൾ സ്ഥിതി അങ്ങനൊന്നുമല്ലായിരുന്നു. വിക്കിപീഡിയ, ബ്ലോഗ് എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന ആവശ്യം അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു. സദസ്സിലുള്ള കുട്ടികളിൽ നല്ലൊരു ഭാഗത്തിന് ബ്ലോഗ്, വിക്കിപീഡിയ, ഫേസ്‌ബുക്ക് എന്നീ കാര്യങ്ങളെപ്പറ്റി കാര്യമായി ധാരണയുള്ളവരായിരുന്നെന്നത് ഗുണകരമായിത്തോന്നി.

സൂരജ് കെന്നോത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങിൽ പ്രിൻസിപ്പാൾ, മലയാളം വിഭാഗം മേധാവി ശ്രീമതി സുബൈദ ടീച്ചർ, ശ്രീ, പി.പി.രാമചന്ദ്രൻ, ശ്രീ അൻ‌വർ അലി എന്നിവർ സംസാരിച്ചു. മഹാരാജാസ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപിക ഉഷാകുമാരി ടീച്ചറും, നാട്ടിക എസ് എൻ. കോളേജ് മലയാളം വിഭാഗം അദ്ധ്യാപിക കുശലകുമാരി ടീച്ചർക്കുമൊപ്പം റെഡ് ഹാറ്റ് എന്ന കമ്പനിയുടെ പ്രതിനിധിയായി അനി പീറ്ററും,  ചടങ്ങിൽ സംബന്ധിച്ചു.
ശ്രീ. സൂരജ്, ബഹു: പ്രിൻസിപ്പാൾ, ശ്രീമതി സുബൈദ ടീച്ചർ. ശ്രീ ഹുസൈൻ

ശ്രീ പി.പി.രാമചന്ദ്രൻ സംസാരിക്കുന്നു.
ശ്രീ അൻ‌വർ അലി സംസാരിക്കുന്നു.
നിരക്ഷരന്റെ ഊഴം
സദസ്സ്
തുടർന്ന് കാന്റീനിലെ ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പസിലെ ഒരു മാവിൻ‌ചുവട്ടിൽ എല്ലാവരും ഇരുപ്പുറപ്പിച്ചു. അനി പീറ്ററും സൂരജും തങ്ങളുടെ കർത്തവ്യത്തിലേക്ക് കടന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറുകളെക്കുറിച്ച് കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്നതിനൊപ്പം അതിലെ മലയാളം വേർഷന് ആവശ്യമായതും ഉചിതമായതുമായ മലയാള പദങ്ങൾ നിർദ്ദേശിക്കുക എന്ന ജോലിയിലേക്ക് എല്ലാവരും കടന്നു. വളരെ ശ്രമകരമായ ഒരു കർമ്മം തന്നെയാണതെന്ന് താമസിയാതെ തന്നെ എല്ലാവരും മനസ്സിലാക്കി. എന്നിരുന്നാലും ചില നല്ല പദങ്ങൾ നിർദ്ദേശിക്കാൻ കുട്ടികൾക്കായി.
ക്യാമ്പസ് മാവിന് ചുവട്ടിൽ ഒരു ഇ-മലയാളം ശില്‍പ്പശാല
800 ൽ അധികം പദങ്ങൾക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ലെന്നത് വ്യക്തമായിരുന്നു. കേരളത്തിൽ ഏതെങ്കിലും ഒരു വിദ്യാലയത്തിൽ ആദ്യമായി നടക്കുന്ന ഒരു സംരംഭം എന്ന നിലയിൽ...ഹുസൈൻ സാറിന്റെ വാക്കുകളിൽ പറഞ്ഞാൽ, മലയാള ഭാഷയുടെ ചരിത്രത്തിൽത്തന്നെ പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങിനാണ് ആ തണൽമരവും ക്യാമ്പസും സാക്ഷ്യം വഹിച്ചത്.

അനി പീറ്ററും സൂരജും ക്ലാസ്സെടുക്കുന്നു.
പ്രൊജൿറ്റർ ഉപയോഗിച്ച് കൂടുതൽ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കേണ്ട ആവശ്യത്തിലേക്കായി എല്ലാവരും ഒരു ക്ലാസ്സ് മുറിയിലേക്ക് നീങ്ങി. വൈകുന്നേരം സെമിനാറിന്റെ ആദ്യദിവസം ക്യാമ്പസിനകത്ത് അവസാനിക്കുമ്പോഴേക്കും പദങ്ങൾ ചിട്ടപ്പെടുത്തുന്നതിലേക്ക് വ്യക്തവും കൃത്യവുമായ ഒരു മെത്തഡോളജി തന്നെ രൂപപ്പെടുത്തി എടുക്കാനായെന്നത് ശ്രദ്ധേയമായി. എന്നിരുന്നാലും കുറേക്കൂടെ ഗൗരവതരമായ ഒരു ചർച്ച ആവശ്യമെന്ന് കണ്ടതിനാൽ കോളേജിന്റെ തൊട്ടടുത്ത് തന്നെയുള്ള സുബൈദ ടീച്ചറിന്റെ വീട്ടിലേക്ക് എല്ലാവരും നീങ്ങി.
സുബൈദ ടീച്ചറിന്റെ വീട്ടിലെ ചർച്ച
ടീച്ചറുടെ വീട്ടിൽ നടന്ന ചർച്ചയ്ക്ക് ഹുസൈൻ സാറും രാമചന്ദ്രൻ സാറും നേതൃത്വം നൽകി. ഭാഷയെപ്പറ്റി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾക്ക് തത്തുല്യമായ അർത്ഥവത്തായ മലയാളപദങ്ങൾ കണ്ടുപിടിക്കുന്നതിനെപ്പറ്റിയുള്ള ചർച്ച, പദങ്ങളുടെ നാൾവഴി എന്ന രീതിയിൽത്തന്നെ മുന്നോട്ട് നീങ്ങി. മലയാളത്തിൽ നമുക്ക് സ്വന്തമായുള്ള പല മനോഹരമായ പദങ്ങളും എത്രയോ കാലങ്ങൾക്ക് മുന്നേ തന്നെ നാം നടതള്ളി, പകരം ഇംഗ്ലീഷ് പദങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു ഞെട്ടലോടെ തന്നെ മനസ്സിലാക്കേണ്ടിവന്നു.

ഉദാഹരണത്തിന് ബലൂൺ എന്ന പദം. ബലൂണിന് പകരം വീർപ്പ (വീർപ്പിക്കുന്നത് എന്തോ അത്) എന്നൊരു പദം നമുക്ക് സ്വന്തമായിട്ടുണ്ട്. ഞാനത് കേൾക്കുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. വിസിലിന് വിളിപ്പ, പമ്പരത്തിന് തിരിപ്പ എന്നിങ്ങനെയൊക്കെ മറ്റ് പദങ്ങൾ ഉണ്ടെന്നുള്ളത് മനസ്സിലാക്കിത്തന്നതിന് രാമചന്ദ്രൻ സാറിന് നന്ദി.

പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് നീക്കുന്ന ആവശ്യത്തിലേക്കായി അവിടെ കൂടിയിരുന്ന എല്ലാവരേയും ചേർത്ത് മെയിലിങ്ങ് ഗ്രൂപ്പ് ഉണ്ടാക്കുകയും 4 മാസത്തിൽ ഒരിക്കലെങ്കിലും നേരിൽ സമ്മേളിക്കുകയും മാസത്തിൽ ഒരിക്കലെങ്കിലും ഓൺലൈനിൽ സമ്മേളിക്കുകയും ചെയ്യണമെന്ന നിബന്ധനയിൽ രാമചന്ദ്രൻ സാറിനെ കൺ‌വീനർ ആക്കിക്കൊണ്ട് ഒരു സമിതി തന്നെ രൂപീകരിക്കപ്പെട്ടു. കോളേജിലെ കുട്ടികളുടെ കൈയ്യിൽ നിന്ന് ഫെബ്രുവരി 23ന് ശേഖരിക്കുന്നതടക്കം അനി പീറ്റർ അയച്ചുതരുന്ന 25  പദങ്ങൾ വീതം, എല്ലാവരും സ്വന്തം സുഹൃദ്‌വലയങ്ങളിലും മറ്റും ചർച്ച ചെയ്ത് കൂടുതൽ നല്ല മലയാളം പദങ്ങൾ നിർദ്ദേശങ്ങളായി മുന്നോട്ട് വെക്കുകയും അതിൽ നിന്ന് വളരെ നല്ല ഓരോ പദം വീതം തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് തീരുമാനമായി. ഈ ആവശ്യത്തിലേക്കായി തമിഴ്, കന്നട, ഹിന്ദി എന്നീ പ്രാദേശിക ഭാഷകൾ എത്തരത്തിലുള്ള പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന താരതമ്യ പഠനം നടത്തുന്നതിലേക്കായി മറ്റ് ഭാഷാ പദങ്ങൾ അയച്ചുതരേണ്ട ചുമതല അനി പീറ്റർ ഏറ്റെടുത്തു.

ഫെബ്രുവരി 21 മാതൃഭാഷാ ദിനമായിരുന്നു. 19,20,22 തീയതികളിൽ വളരെ മനോഹരമായി അത് ആഘോഷിക്കപ്പെട്ടതുപോലെ. ഓൺലൈനിലൂടെ, ഇ-എഴുത്തിലൂടെ, ഭാഷയുടെ വളർച്ചയ്ക്ക് ഒരുപാട് സാദ്ധ്യതകൾ തെളിഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു ശക്തമായ മുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചായയും പഴമ്പൊരിയും സമൂസയുമൊക്കെ കഴിച്ച് സുബൈദ ടീച്ചറുടെ വീട്ടിൽ നിന്ന് എല്ലാവരും പിരിയാൻ തുടങ്ങിയപ്പോൾ കാലം തെറ്റിയെന്നോണം തകർത്ത് പെയ്ത മഴ ശുഭസൂചകമായിത്തന്നെയാണ് എനിക്ക് തോന്നിയത്.


Share/Bookmark

31 comments:

നിരക്ഷരൻ February 24, 2011 at 2:15 AM  

മാതൃഭാഷാ ദിനം ആഘോഷിക്കപ്പെട്ടതുപൊലെയാണ് എനിക്ക് തോന്നിയത്.

mini//മിനി February 24, 2011 at 7:04 AM  

മലയാളവും നമ്മുടെ ബൂലോകവും വളരട്ടെ,,,

Manju Manoj February 24, 2011 at 7:30 AM  

ഇന്നലത്തെ പേപ്പറില്‍ കൂടി ബ്ലോഗുകള്‍ മരിക്കുകയാണ് എന്നുള്ള എന്‍ എസ് മാധവന്റെ അറിയിപ്പ് കണ്ടു..അതിനോടനുബന്ധിച്ചു കുറെ അവലോകനങ്ങളും...(തീര്‍ച്ചയായും അതില്‍ മലയാളം ബ്ലോഗുകളെ കുറിച്ച് മാത്രമല്ല പറഞ്ഞിരിക്കുന്നത്)പക്ഷെ ഇന്നിത് വായിച്ചപ്പോള്‍ മലയാളത്തെ സ്നേഹിക്കാന്‍ പുതുതലമുറക്ക് ഇനിയും സാധിക്കും എന്നെനിക്ക് തോന്നുന്നു.വിസിലിന്റെയും ബലൂണ്‍ന്റെയും പമ്പരതിന്റെയും ഒക്കെ മലയാള പദങ്ങള്‍ ആദ്യമായാണ് കേള്‍ക്കുന്നത്.അതിനു ഒരു തമിഴ്‌ ചുവ ഇല്ലേ എന്നൊരു സംശയം ഉണ്ട്.വിശദമായ ഈ വിവരണത്തിന് നന്ദി മനോജ്‌..

നിരക്ഷരൻ February 24, 2011 at 7:44 AM  

@ മഞ്ജു മനോജ് - എൻ.എസ്.മാധവനോട് പറയാനുള്ളത് എവിടെയോ ഒരിടത്ത് കമന്റായി ഞാൻ സൂചിപ്പിച്ചിരുന്നു. അത് ഒന്നൂടെ പറയുന്നു.

അദ്ദേഹം എത്ര ബ്ലോഗുകൾ വായിച്ചതിനുശേഷമാണ് ഈ മരണക്കുറിപ്പ് കമന്റ് ഇറക്കിയതെന്ന് വ്യക്തമാക്കണം. കുറഞ്ഞപക്ഷം മീനാക്ഷീ മാധവന്റെ ബ്ലോഗെങ്കിലും മരിച്ചിട്ടില്ല എന്ന് പറയുമായിരിക്കും :)

ബൂലോകം ഒരു മഹാസാഗരമാണ്. 2 വയസ്സുള്ള മകന് കളിപ്പാട്ടം വാങ്ങിവന്നാൽ അതിന്റെ ഫോട്ടോ എടുത്ത് ഒരു കുറിപ്പ് എഴുതി ഇടുന്നവർ മുതൽ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വരുന്നതിനേക്കാൾ ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ വരെ ഇവിടെയുണ്ട്. അത്തരം ആയിരക്കണക്കിന് ബ്ലോഗുകൾ ഉള്ള ഈ ലോകത്തുനിന്ന് കുറച്ചെങ്കിലും ബ്ലോഗുകൾ തിരഞ്ഞെടുത്ത് അതിനെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കണമെങ്കിൽ നല്ല അദ്ധ്വാനം ആവശ്യമാണ്. എൻ.എസ്.ന്റെ കാര്യത്തിൽ അതുണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല.

എന്തായാലും ബ്ലോഗിന് വെളിയിലുള്ള എഴുത്തുകാർ ഈയിടെയായി ബ്ലോഗെഴുത്തിനെപ്പറ്റി പരാമർശിക്കുന്നത് തന്നെ നല്ല ലക്ഷണമാണ്. താമസിയാതെ തള്ളിപ്പറഞ്ഞവർക്കൊക്കെ പുകഴ്ത്തിപ്പറയേണ്ടിയും വരും. ഇത് തുടക്കത്തിന്റേതായ ഒരു പ്രശ്നം മാത്രമായി കണക്കാക്കിയാൽ മതി.

ചെറായി ബ്ലോഗ് മീറ്റിന്റെ പ്രസ്സ് റിലീസ് കൈപ്പറ്റിയ ഒരു പ്രമുഖ പത്രക്കാരൻ വിളിച്ച് ചോദിച്ചത് “എന്താണ് ഈ ബ്ലോഗ് “ എന്നായിരുന്നു. അതിനടുത്ത കൊല്ലം അദ്ദേഹത്തിന് അത് ചോദിക്കേണ്ടി വന്നുകാണില്ല. വരും കാലങ്ങളിൽ എല്ലാവരും അതുപോലെതന്നെ കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കുക തന്നെ ചെയ്യും.

അപ്പു February 24, 2011 at 8:19 AM  

നന്ദി മനോജ്. മലയാളഭാഷ സൈബർലോകത്തേക്കു വളരുന്നതു കാണുന്നതിൽ സന്തോഷം. ഈ കമ്പ്യൂട്ടർ സംബന്ധിയായ വാക്കുകൾക്കൊക്കെ തത്തുല്യമായ അർത്ഥവത്തായ മലയാളം പദങ്ങൾ കണ്ടെത്തേണ്ടതുണ്ടോ? ഇങ്ങനെ കണ്ടുപിടിച്ചാലും അതുകൊണ്ട് കാര്യമായ പ്രയോജനങ്ങൾ എന്താണുള്ളത് എന്നാലോചിക്കേണ്ടിയിരിക്കുന്നു. വളരെ സാധാരാണമായി ഉപയോഗിക്കുന്ന സാങ്കേതികപദങ്ങളെ അതേരീതിയിൽ തന്നെ കുട്ടികളെ പഠിപ്പിക്കുന്നതല്ലേ അവർ ഒരു ജോലിയിലൊക്കെ ആവുമ്പോൾ കൂടുതൽ പ്രയോജനപ്പെടുക?

നിരക്ഷരൻ February 24, 2011 at 8:33 AM  

@ അപ്പു - ഇത് കുട്ടികൾക്കായിട്ടാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിക്കുന്നു എന്ന് മാത്രം. സമ്പൂർണ്ണ സാക്ഷരരായ മലയാലികളിൽ 10 % ന് മാത്രമല്ലേ കമ്പ്യൂട്ടർ സാക്ഷരതയുള്ളൂ. ബാക്കിയുള്ളവർക്ക് കൂടെ സുഗമമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഭാഷ സഹായിക്കുമെങ്കിൽ അതിനായി വിവർത്തനം ചെയ്ത സോഫ്റ്റ്‌വെയർ നൽകാൻ തയ്യാറായി സ്വതന്ത്ര സോഫ്റ്റ് വെയർ കമ്പനികൾ വരുന്നുണ്ടെങ്കിൽ അതിന്റെ പേരിൽ, ഇതുവരെ നഷ്ടപ്പെട്ടതും ഇനി നഷ്ടപ്പെടാൻ പോകുന്നതുമായ പലതും ചേർത്തുനിർത്താൻ നമുക്കാവുമെങ്കിൽ അത് നടക്കുന്നതല്ലേ നല്ലത്.

Nambiar February 24, 2011 at 11:09 AM  

തിരിപ്പ ഞാന്‍ കേട്ടിട്ടുണ്ട്...
പുതിയ രണ്ടു വാക്കുകള്‍ക്ക്‌ നന്ദി..

Kalavallabhan February 24, 2011 at 11:39 AM  

നല്ല തുടക്കങ്ങൾ, വളരട്ടെ..
പണ്ട് മാരുതി കാർ വന്നപ്പോൾ ഇഷ്ടമില്ലായിരുന്നു. അന്ന് പ്രീമിയർ പത്മിനി ആയിരുന്നു പ്രിയം. അതുപോലെ ‘മുഖ്യധാര’ ക്കാർക്കൊക്കെ ഇന്നിഷ്ടമല്ലെങ്കിലും നാളെ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോൾ......

Sarin February 24, 2011 at 2:12 PM  

brilliant effort manoj bhai... malayalam valaratte ee oru madhyamathiloode....

moideentkm February 24, 2011 at 4:47 PM  
This comment has been removed by the author.
യൂസുഫ്പ February 24, 2011 at 7:26 PM  

മലയാള ഭാഷയിൽ നിന്ന് തീപ്പെട്ട് പോയ ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളും ഉണ്ട്. അതൊക്കെ തിരിച്ചു കൊണ്ടുവരുവാൻ ഇത്തരം പഠശിബിരങ്ങൾക്ക് സാധിക്കും.ദുബായിലെ ചില ബ്ളോഗർമാർ മുൻകൈ എടുത്ത് ‘പദമുദ്ര“ എന്ന പേരിൽ ഇ-നിഘണ്ടു ആരംഭിച്ചിരുന്നു.(അത് ഇന്നുണ്ടോ..ആവോ..?)
മലയാള ഭാഷയോടുള്ള സ്നേഹം ആണ്‌ ഇത്തരം സെമിനാറുകളിലൂടെ നാം അനുഭവിക്കുന്നത്.
നന്ദി മനോജ്.

shams February 24, 2011 at 7:52 PM  

വീര്‍പ്പ, വിളിപ്പ, തിരിപ്പ എല്ലാം ആദ്യമായാണ് കേള്‍ക്കുന്നത്.
മറഞ്ഞുപോയ ഇനിയും എത്രയോ വാക്കുകളുണ്ടാകാം!
നന്ദി മനോജ്. ആശംസകള്‍.......

Manoraj February 24, 2011 at 9:02 PM  

വിക്കിപഠനശിബിരം മിസ്സായതിന്റെ വിഷമം ഇപ്പോഴും ഉണ്ട്.

@മഞ്ജു മനോജ് : എന്‍.എസ്.മാധവന്റെയും സന്തോഷ് എച്ചിക്കാനത്തിന്റെയും അഭിപ്രായങ്ങളോട് ബ്ലോഗേര്‍സ് പ്രതികരിക്കുന്ന ഒരു ലേഖനം ബൂലോകം ഓണ്‍ലൈനില്‍ വന്നിരുന്നു. ഒന്ന് പറയട്ടെ. ഈ ബ്ലോഗ് മിഡിയ ഇത്രയും മോശമെങ്കില്‍ എല്ലാ അഭിമുഖങ്ങളിലും ഇവരൊക്കെ എന്തിന് ഇതിനെ ഇത്ര പ്രാധാന്യത്തോടെ എടുത്തു പറയുന്നു. മീനാക്ഷി എന്ന എഴുത്തുകാരിയെ (?) പുറം‌ലോകമറിഞ്ഞെങ്കില്‍ അത് ബ്ലോഗിലൂടെമാത്രമാണെന്ന സത്യം ഉള്‍ക്കൊള്ളന്‍ അദ്ദേഹം തയ്യാറാവാത്തതാവാം. എന്തിനേറെ പറയുന്നു ഇതേ ബ്ലോഗില്‍ നിന്നല്ലേ കവി സച്ചിദാനന്ദന്‍ നാലാമിടം എന്ന കവിതാ സമാഹാരം ഡി.സിക്ക് വേണ്ടി എഡിറ്റ് ചെയ്തത്.

ഏറനാടന്‍ February 25, 2011 at 12:42 AM  

മനോജ്‌ നീരു നന്ദി. താങ്കള്‍ ചെയ്യുന്ന പരിശ്രമം വിജയകരമാവുന്നു എന്നറിയുന്നതില്‍ സന്തോഷിക്കുന്നു.

സ്വിച്ച് എന്നതിന് മലയാലവാക്ക് - വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം.

ആ സ്വിച്ച് ഇടൂ എന്ന് പറയാന്‍ മലയാളത്തില്‍ ഒന്ന് ഇരിക്കണം പറഞ്ഞു തീരും വരെ.. -:)

എന്തായാലും മലയാളവും വിക്കിയും ബ്ലോഗും അത്യുന്നതങ്ങളിലേക്ക് അനായാസം സഞ്ചരിക്കുന്നത് കാണുമ്പോള്‍ നാം അഭിമാനിക്കുക തന്നെ ചെയ്യണം.

റോസാപ്പൂക്കള്‍ February 25, 2011 at 2:04 PM  

നന്ദി മനോജ്‌,
ഇത് പോലുള്ള സംരഭങ്ങള്‍ പുതു തലമുറയെ ഭാഷയിലേക്ക് ആകര്‍ഷിക്കുവാന്‍ സഹായകമാണ്

jayanEvoor February 25, 2011 at 4:27 PM  

എല്ലാം നന്നായി!
മലയാളം വളരാന്‍, തഴയ്ക്കാന്‍ , തളിര്‍ക്കാന്‍, പൂക്കാന്‍, കായ്ക്കാന്‍.... ഈ ബ്ലോഗിടങ്ങളും പശിമയുള്ളതാവട്ടെ !

പാവപ്പെട്ടവന്‍ February 26, 2011 at 12:25 AM  

മലയാളത്തിനു ഒരു പുതുപുത്തൻ മുഖമാണ് ബ്ലൊഗിങ്ങിലൂടെ കൈവന്നതു .ഈ ഭാഷയെന്നതു ജീവിതത്തിൽ ഒഴിവാക്കാപെടാൻ കഴിയാത്ത ഒരു സന്ദർഭമായി(കമ്പ്യൂട്ടർ സാങ്കേതികവിദ്യ)നാളകൾ വരും എന്നതു സംശയമില്ലാത്ത കാര്യമാണ്. അതിന്റെ തുടക്കങ്ങളീൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നളകൾക്ക് കൂടുതൽ കരുത്ത് പകരും .

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. February 26, 2011 at 3:20 AM  

അതെ ഇനി ഇ-മലയാളത്തിൽ കൂടിയാണ് മലയാളത്തിന്റെ ഉയിർത്തെഴുന്നേൽ‌പ്പുകൾ ഭാവിയിൽ ഉണ്ടാകുക എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണിതെല്ലാം...!

ഒരു യാത്രികന്‍ February 26, 2011 at 8:57 PM  

മലയാളത്തിന്റെ പുത്തനുണര്‍വിന്റെ വാര്‍ത്തകള്‍ ഹരം പകരുന്നു. ആശംസകള്‍....സസ്നേഹം

വാക്കേറുകള്‍ February 27, 2011 at 12:07 AM  

അടിപൊള്യായിട്ടുണ്ട് മാഷേ. എഴുത്തും അതേ പടോം അതേ വിഷയോം അതെ. ഇമ്മടെ മുഖ്യാധാരക്കാര്‍ക്കിപ്പോലും ബ്ലോഗ്ഗെഴുത്താരോടും ഈ എഴുത്താരോടും ഒരു പുച്ഛമാ. എന്താ കാര്യം അവനാനോനെക്കോണ്ട് കൂട്യാകൂടാത്തൊണ്ടുള്ളതന്നെ. ഇമ്മാതിരി ഐറ്റംസിനെ അടിച്ചു പുറത്താക്കി പുത്യേ തലമുറ അവിടെ എത്തണം. എന്നാലും അയ്ന്‌ന്റെ എടേല്‍ വര്‍ഗ്ഗീയത വിളമ്പണോരെ കാണുമ്പളാ പ്രാന്ത് പിടിക്ക. ആ മാതിരി കുറേ ഐറ്റംസ് ഐ.ടി ലോകത്തും ഉണ്ട്. കമ്പ്യൂട്ടറില്‍ പെണ്ണിന്റെ പടത്ത്മ്മെ തുണിയിടീക്കാന്‍ നടക്കണോര്. അവരെ ഒഴിവാക്കിയാല്‍ സംഗതി ഉഷാറാണ്. നല്ല ഒരു സൌഹൃദ വലയം തന്നെ ഇന്റര്‍നെറ്റില്‍ ഉണ്ടാകുന്നു. അതുപോലെ അഴിമതിയില്‍ മുങ്ങിയ ഭരണകൂ‍ടങ്ങളെ അട്ടിമറിക്കുക ഐ.ടി വിപ്ലവങ്ങളായിരിക്കും എന്നും സൂചനകള്‍ വന്നു കഴിഞ്ഞു. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ഇമ്മടെ സഖാക്കളാ ഇപ്പോള്‍ മുല്ലവിപ്ലവത്തിന്റെ കാര്യം പറഞ്ഞ് ഊറ്റം കൊള്ളുന്നത്.. ..ഉളുപ്പില്ലാത്തൊന്മാര്.

അനിലന്‍ February 28, 2011 at 5:38 PM  

വടക്കേ മമലബാറില്‍ "ബലൂണ്‍"-നു് "വുക" എന്നു് പറയാറുണ്ടു്.

tomvell March 1, 2011 at 12:12 PM  

വളരെ നല്ല ബ്ലോഗ്ഗ് ആണ് - പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്
ഒരു ഇമെയില്‍ അയക്കാമോ
tomvell@gmail.com
http://tomvell.socialpulse.com
thank you

Fuad March 2, 2011 at 7:44 PM  

വളരെ പ്രശംസനീയമായ ഒരു ദൌത്യമാണ് ഏറ്റെടുത്തിരിക്കുന്നത് . അഭിനന്ദനങ്ങളും ആശംസകളും നേരുന്നു മനോജ്‌

നിരക്ഷരൻ March 2, 2011 at 7:54 PM  

@ Faud - ആശംസകൾക്ക് നന്ദി ഡോൿടർ.

ദൗത്യമായിട്ട് ഏറ്റെടുത്തിട്ടൊന്നുമില്ല. ആവുന്നതുപോലെയൊക്കെ ചെയ്യുന്നു എന്നേയുള്ളൂ :)

ajith March 4, 2011 at 12:49 AM  

മലയാളം വളരട്ടെ സ്ലേറ്റും പേപ്പറുമൊക്കെ കടന്ന്. പുതുതലമുറയുടെ മനസ്സിലും മലയാളം പൂത്തുലയട്ടെ. ഞാന്‍ ബ്ലോഗില്‍ പുതുമുഖമാണ്. എന്നാല്‍ ഓരോ സൈറ്റില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ എത്ര പേരാണ് ബ്ലോഗെഴുത്തിനെ ഗൌരവമായി സമീപിക്കുന്നതെന്നോര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു.

ajith March 4, 2011 at 12:49 AM  

മലയാളം വളരട്ടെ സ്ലേറ്റും പേപ്പറുമൊക്കെ കടന്ന്. പുതുതലമുറയുടെ മനസ്സിലും മലയാളം പൂത്തുലയട്ടെ. ഞാന്‍ ബ്ലോഗില്‍ പുതുമുഖമാണ്. എന്നാല്‍ ഓരോ സൈറ്റില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ എത്ര പേരാണ് ബ്ലോഗെഴുത്തിനെ ഗൌരവമായി സമീപിക്കുന്നതെന്നോര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു.

പള്ളിക്കരയില്‍ March 6, 2011 at 4:15 PM  

ആവേശകരമായ വിവരങ്ങളാണ് വായിച്ചറിഞ്ഞത്. മലയാളീസമൂഹത്തിനഉം സംസ്കാരത്തിനും ഗുണകരമായ പ്രവർത്തനങ്ങൾക്ക് ആശംസകൾ.

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox