കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്

എം. കെ. ഖരീംകിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്‌? നമുക്ക് കിട്ടുന്ന ചിത്രങ്ങള്‍ സത്യമാണോ? പത്ര - ദൃശ്യ മാധ്യമങ്ങള്‍ ചില നുണകളെ സത്യമായി അവതരിപ്പിക്കുന്നു. നാമത് വാരി വലിച്ചു വിഴുങ്ങുന്നു. ആരോടും ഒന്നും മിണ്ടാതെ അതൊക്കെ സര്‍വ സാധാരണം എന്ന മട്ടില്‍ നാം അടുത്ത വാര്‍ത്തക്കായി കാതോര്‍ക്കുന്നു. പോലീസിന്റെ അടി ഭയന്ന് ഓടി പോകുന്ന വൃദ്ധന്‍ തട്ടി വീഴുന്നത്, കല്ലില്‍ തലയിടിച്ചു ചോര വാര്‍ന്നു വീഴുന്നത്. ആ രംഗം പോലീസിന്റെ അക്രമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നാം എന്നും നുണകള്‍ വെട്ടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ജനത. ഈ ലോകം എങ്ങനെയെന്നു നാം അറിയരുതെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. വീണുകിട്ടുന്നത്‌ ചിന്തക്ക് ഇടം കൊടുക്കാതെ വെട്ടി വിഴുങ്ങുക. പുതിയ ലോക ക്രമം അങ്ങനെയാണ്. നാം എങ്ങനെ ആകണമെന്ന് നാമല്ല തീരുമാനിക്കുന്നത്.

എം.കെ.മുനീര്‍ മന്ത്രി ആയിരിക്കേ, കേരളത്തെ രണ്ടായി പകുത്തു എക്സ്പ്രസ് ഹൈവേ പണിയാന്‍ തിടുക്കം കൂട്ടി. അതിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുണ്ടായി. അതിനു മുമ്പ്, കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കേ, നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിന് വേണ്ടി മുന്നിട്ടിറങ്ങി, അതിനെ എതിര്‍ത്തു സഖാവ് ശര്‍മ അങ്ങനെ ഒരു എയര്‍പ്പോര്‍ട്ട് വരികയാണെങ്കില്‍ തന്റെ നെഞ്ചില്‍ കൂടിയേ വിമാനം ഇറക്കാന്‍ ആകൂ എന്ന് ഗീര്‍വാണം മുഴക്കി. അതേ ശര്‍മ മന്ത്രി ആയിരിക്കെ എയര്‍പ്പോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തി. വികസനം വേണ്ട എന്നല്ല, വികസനം വേണം. ഏതൊരു വികസനവും വരുമ്പോള്‍ അതിന്റെ പ്രയോജനം ഏറ്റവും താഴെ തട്ടില്‍ വരെ എത്തുക തന്നെ വേണം. എന്ന് കരുതി ഒരു വികസനവും പ്രകൃതിയെ തകര്‍ത്ത് കൊണ്ടാകരുത്. യാതൊന്നും തനിയെ നിലനില്‍ക്കുന്നില്ല എന്നോര്‍ക്കുക. ഒന്നിന്റെത് മറ്റൊന്നിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചു കൊണ്ടാണ്.

കാലം പോകുന്നു. നുണകള്‍, ശരിയായി വായിക്കപ്പെടുന്നു. പുതു സംഭവങ്ങള്‍ പഴയ സംഭവത്തെ മറവിയിലേക്ക് തള്ളുന്നു. ഇവിടെ എന്നല്ല ലോകത്ത് ഒരിടത്തും പ്രശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. ഒരു പ്രശ്നം മറ്റൊരു പ്രശനത്താല്‍ കുഴിച്ചു മൂടപ്പെടുകയാണ്.

പക്ഷെ കിനാലൂരില്‍ നടക്കുന്നത് എന്താണ്? ഓരോരുത്തര്‍ക്കും അവരുടെതായ നിലപാടിനോത്തു ഓരോ അഭിപ്രായമുണ്ട്. അതു സാമ്പത്തികം ആകാം, രാഷ്ട്രീയം ആകാം. പക്ഷെ മനുഷ്യ പക്ഷത്തു നിന്നും സംസാരിക്കാന്‍ എത്ര പേരുണ്ട്? ഒന്നോര്‍ക്കേണ്ടതുണ്ട്, മനുഷ്യന്റെ - ജീവജാലങ്ങളുടെ - പ്രകൃതിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതിനെ എതിര്‍ക്കാത്ത യാതൊരു രചനയും ശരിയായ പാതയിലുള്ളതല്ല. അതു നുണകളുടെ പ്രചാരണം എന്നേ കരുതാനാവൂ. പ്രമുഖ കോണ്ഗ്രസ് നേതാവിനോട് അന്വേഷിച്ചപ്പോള്‍ അറിയാനായത്, കഴിഞ്ഞ കോണ്ഗ്രസ് ഭരണ കാലത്താണ് അങ്ങനെ ഒരു പദ്ധതി രൂപപ്പെടുന്നതെന്നും അന്ന് സി.പി.എം അത് തുരങ്കം വയ്ക്കുകയാണ് ഉണ്ടായതെന്നുമാണ്. അദ്ദേഹം തുടരുന്നു, കിനാലൂരില്‍ അക്രമം ഉണ്ടാകും മുമ്പ്, അതായത് അഞ്ചു മാസം മുമ്പ് കോഴിക്കോട് കളക്റ്ററേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിഷയം സമര സമിതിയുമായി ചര്‍ച്ച ചെയ്തു മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യവസായ മത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ ആ ഉറപ്പു കാറ്റില്‍ പറത്തിയാണ് മേയ് ആറാം തീയതി സര്‍വേ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയത്. അതെന്തുമാകട്ടെ, വന്‍ വ്യവസായം വരുമെന്ന വാഗ്ദാനത്തോടെയാണ്‌ കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തത്. ഒരു പ്രദേശം വികസിക്കും എന്ന് കേള്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ ഉള്ളവരുടെയും സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ന്നിരിക്കാം. ഏതൊരു വികസനവും പരിസരങ്ങള്‍ക്ക് ഉയര്‍ച്ച വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്റ്റെറ്റ് ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചു പല പദ്ദതികളും പ്രഖ്യാപിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മലേഷ്യന്‍ സ്ഥാപനമായ സി.ഐ.ഡി.യുമായി ധാരണ പത്രം ഒപ്പിട്ടത് മുതലാണ്‌ കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നാല് വരി പാത നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് കേള്‍ക്കുന്നു. എന്നാല്‍ അവരുമായി ഒപ്പ് വച്ച ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. ഉദ്ദേശിച്ച പദ്ധതികള്‍ നടക്കാത്ത സാഹചര്യത്തില്‍ നാല് വരിപ്പാതയുടെ പ്രസക്തി എന്ത് ? പണ്ടൊക്കെ വികസനം കൊണ്ട് വരുന്നത് ജന പ്രധിനിതികള്‍ ആയിരുന്നു. സ്ഥിതി മാറി. ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ഏതൊരു പ്രദേശത്തിന്റെയും വികസനം നിശ്ചയിക്കുന്നത് ഭൂമാഫിയയാണ്. അതുകൊണ്ട് തന്നെ അത്തരം വികസനത്തിന് പിന്നിലെ ഗൂഡ ലക്‌ഷ്യം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നേട്ടം കൊയ്യുന്നത് ഭൂമാഫിയ മാത്രമല്ല, അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ജനപ്രതിനിധികളും അതിന്റെ ഗുണം അനുഭവിക്കുന്നു.

മലേഷ്യന്‍ കമ്പനി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങിയിരുന്നു . യഥാ സമയം റോഡു ഉണ്ടാവാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കരാറില്‍ നിന്നും പിന്മാറി. തുടര്‍ന്ന് എഴുപതു ഏക്കറില്‍ ചെരുപ്പ് കമ്പനികളും അമ്പതു ഏക്കറില്‍ ഭക്ഷ്യ സംസ്കരണ പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലത്ത് രാസല്‍ ഖൈമയിലെ വ്യവസായ നിക്ഷേപ അതോറിറ്റി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഭീമന്‍ കണ്ടൈനര്‍ ഒന്നും സഞ്ചരിക്കാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് നാല് വരി പാതയുടെ ആവശ്യം ഇല്ലെന്നിരിക്കെ അങ്ങനെ ഒരു നീക്കത്തിന് പിന്നിലുള്ള ചേതോ വികാരം എന്താവാം? ജനത്തിനു അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബാധ്യസ്തമായ സര്‍ക്കാര്‍, സൌകര്യങ്ങള്‍ നല്‍കാതിരിക്കുന്നത് പോകട്ടെ നിലവിലുള്ള ജീവിതാവസ്ഥ തകിടം മറിക്കുന്നത് നീതീകരിക്കാന്‍ ആവില്ല. എളമരം കരീമിനോ ഫാരിസ് അബു ബക്കറിനോ സമരത്തില്‍ ഇടപെടുന്ന സംഘടനാ നേതൃത്വങ്ങള്‍ക്കോ ഒന്നും നഷ്ടപ്പെടാനില്ല. ഏതൊരു കെടുതിയുടെയും ദുരന്തത്തിന്റെയും ആദ്യാവസാന ഇര സാധാരണക്കാര്‍ ആയിരിക്കെ, അങ്ങനെ ഒരു അലിഖിത നിയമം ഉണ്ടായിരിക്കെ, എവിടത്തെയും പോലെ കിനാലൂരിലും എല്ലാം അനുഭവിക്കേണ്ടത് സാധാരണക്കാരില്‍ സാധാരണക്കാര്‍. അത്തരം ജനതയ്ക്ക് വേണ്ടാത്ത വികസനം കൊണ്ട് വരുന്നത് ആരുടെ കീശ വീര്‍പ്പിക്കാനാണ്? നമ്മുടെ രാഷ്ട്രീയം കേവലം കീശ വീര്‍പ്പിക്കുന്നതിലേക്ക് ഒതുങ്ങുന്നിടത്താണ് അരാജകത്വത്തിന്റെ പിറവി.

സമാധാനപരമായി നടക്കേണ്ടിയിരുന്ന സമരം അക്രമത്തിലേക്ക് നീങ്ങിയതിനു പിന്നിലുള്ള തല ആരുടെതാകാം? കാരണം സമര മുഖത്തേക്ക് വരുന്ന ജനത ചാണകവും ചൂലും കരുതിയിരുന്നു. അത് ആസൂത്രിതം. ജനങ്ങള്‍ പോലീസിനു നേരെ ചാണക പ്രയോഗം നടത്തിയപ്പോള്‍ പോലീസ് ലാത്തി ചാര്‍ജു നടത്തി. ലാത്തി ചാര്‍ജിനു മുമ്പ് പാലിക്കേണ്ട നടപടികള്‍ ഒന്നും എടുക്കാതെയാണ് പോലീസ് തല്ലു തുടങ്ങിയത്, ഗ്രനേഡു പ്രയോഗം നടത്തിയത്. ഇവിടെ സര്‍വ കക്ഷി സമരം, സി.പി.എം ഒഴിച്ചുള്ള കക്ഷികളാണ് സമരത്തിനു നേതൃത്വം കൊടുത്തതെന്ന് പ്രമുഖനായ സി.പി.എം നേതാവില്‍ നിന്നും കേള്‍ക്കുന്നു. അങ്ങനെ പറയുമ്പോഴും അമരത്തു സോളിഡാരിറ്റി എന്ന സംഘടന ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന ആയ സോളിഡാരിറ്റിയുടെ ഇന്നത്തെ ദൌത്യം എന്തായാലും, അവര്‍ക്ക് അവരുടെതായ ഒരു അജണ്ടയുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനയുടെ വളര്‍ച്ച മതേതര കഷികളുടെ തകര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നു. മത സംഘടനകളുടെ ഇടപെടല്‍ എവിടെയും അനുവദിച്ചുകൂടാ. ഇവിടെ പരാജയം തീര്‍ച്ചയായും മതേതര കക്ഷികളുടെതാണ്. കാരണം അവര്‍ ഒളിഞ്ഞും തെളിഞ്ഞും മതങ്ങളുടെ തിണ്ണ നിരങ്ങുന്നു എന്നത് തന്നെ. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ജനാധിപത്യ, എത്ര മുന്തിയ മതേതര സംസാരം ഉണ്ടായാലും എല്ലാത്തരം വര്‍ഗീയ കക്ഷികളെയും തൂത്തെറിയേണ്ടത് മതേതര കഷികള്‍ തന്നെയാണ്. എന്നാല്‍ മതേതരം എന്ന് പറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികള്‍, അത് ഇടതായാലും വലതായാലും ഒളിഞ്ഞും തെളിഞ്ഞും അത്തരം സംഘടനകളെ താങ്ങുന്ന, വോട്ടു മറിക്കുന്ന ദീനമായ കാഴ്ചയാണ് കുറച്ചുകാലമായി ഉള്ളത്. അത് മാറിയേ പറ്റൂ. ഈ വര്‍ഗീയ സംഘടനകളുടെ വോട്ടു തങ്ങള്‍ക്കു വേണ്ട എന്ന് പറയാനുള്ള ആര്‍ജവം ആര്‍ക്കുണ്ട്? വര്‍ഗീയ സംഘടനകള്‍ പോലെ അപകടകാരികളാണ് ചില പ്രാദേശിക സംഘടനകളും. അവയൊക്കെ എതെല്ലാം മതത്തിന്റെ തണലില്‍ ആയികൊള്ളട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണ്. അതിനു മതേതര കക്ഷികളായ കോണ്ഗ്രസ്സും കമ്മ്യൂനിസ്റ്റുകളും സ്വയം ശുദ്ധീകരിക്കുകയും മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും വേണം.

ഇനി മറ്റൊന്ന് ലാത്തി ചാര്‍ജു നടക്കുന്നത് ടെലിവിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കെ, പതിവുള്ള ചര്‍ച്ചയില്‍ ( മേയ് ആറ് രണ്ടായിരത്തി പത്ത് ) പി.സി. ജോര്‍ജ് എം.എല്‍.എ യുടെ സംസാരം ശ്രദ്ധേയമാണ്. : ' മുസ്ലീം സ്ത്രീകളെ, പര്‍ദയിട്ട മുസ്ലീം സ്ത്രീകളെയാണ് പോലീസ് തല്ലി ചതക്കുന്നത്...' അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. കിനാലൂര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശം ആയതു കൊണ്ട് പങ്കെടുത്തവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആകുന്നതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് തല്ലു കൊള്ളുന്നതും സ്വാഭാവികം. എന്നാല്‍ ആ പോലീസ് നടപടിയെ, മുസ്ലീം സമുദായത്തിന് എതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ നീക്കം നടക്കുന്നതായി തോന്നുന്നു. ന്യൂന പക്ഷ സമുദായത്തെ സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് എതിരാക്കാനുള്ള ശ്രമം. തിരഞ്ഞെടുപ്പ് വരികയല്ലേ, ആ വഴിക്ക് ചില്വാനം വോട്ടു കിട്ടിയാല്‍ കൊള്ളാം എന്നാവും.

കിനാലൂരില്‍ എന്ത് സംഭവിച്ചു, എന്താണ് സംഭവിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ തികച്ചും അസുഖകരം ആയേക്കാവുന്ന ഒരവസ്ഥയിലേക്കു കിനാലൂരിനെയും മറ്റു പ്രദേശങ്ങളെയും എത്തിക്കാന്‍ അണിയറയില്‍ നേരത്തെ തീരുമാനിക്കപ്പെട്ടോ? നമുക്കൊന്നും അറിയില്ല, അത് അറിയുകയുമില്ല. മാധ്യമങ്ങള്‍ അവരുടെ നിലപാടിന് ഒത്തു അച്ചു നിരത്തുന്നു. സര്‍ക്കാര്‍, അവരുടെ ഭാഗം പറയുന്നു. പ്രതിപക്ഷം അവരുടെയും. ഒരു പോലീസ് ഉധ്യോഗസ്ഥന്റെ അഭിപ്രായം ശ്രദ്ധിക്കുക :' നാലുവരി പാത കടന്നു പോകുന്നത് ഏതാനും സമ്പന്നരുടെ ഏക്കര്‍ കണക്കിന് ഭൂമി പകുത്തു കൊണ്ടാണ്. ആ സമ്പന്നരാണ് സമരത്തിനു പിന്നില്‍....' നാം ആരെയാണ് വിശ്വസിക്കേണ്ടത്? നമുക്ക് നമ്മെ പോലും വിശ്വാസം ഇല്ലാതായിരിക്കുന്നു.

എന്നാല്‍ ഇവിടെ വികസന വിരുദ്ധമെന്നോ , വികസനത്തിന് അനുകൂലമെന്നോ തട്ടുകള്‍ ഉണ്ടാകുന്നു. ഇടതും വലതും പക്ഷങ്ങള്‍. വ്യവസായ പക്ഷങ്ങള്‍. വ്യവസായികള്‍ക്ക് വേണ്ടി, സര്‍ക്കാരിന് വേണ്ടി, സമരക്കാര്‍ക്ക് വേണ്ടി ഒക്കെ സംസാരിക്കാന്‍ ആളുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് വേണ്ടി, പ്രകൃതി സമ്പത്ത് സംരക്ഷിക്കപ്പെടാന്‍ വേണ്ടി എങ്ങുനിന്നും സംസാരം ഇല്ലാതെയാകുന്നു.

കിനാലൂരിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സ്ഥലം മറ്റൊരു നന്ദിഗ്രാം ആക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിന് രണ്ടു ഇരകള്‍ കിട്ടും. ഒന്ന് ഇടതു പക്ഷവും രണ്ടാമതായി മുസ്ലീം സമുദായവും. ഏക്കര്‍ കണക്കിന് സ്ഥലം നാല് വരിപ്പാതക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍ തടങ്ങളും നഷ്ടമാകും എന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നിരിക്കെ, നാം അത് ശ്രദ്ധിക്കാതെ പോകുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? നമ്മുടെ പ്രകൃതി സമ്പത്ത് നശിപ്പിച്ചു കൊണ്ടുള്ള, അടിസ്ഥാന വര്‍ഗത്തെ മറന്നുകൊണ്ടുള്ള ഒരു വികസന മാതൃക ഇനിയെങ്കിലും ഉപേക്ഷിക്കപ്പെടെണ്ടതാണ്. നാലുവരിപ്പാതയുടെയും വന്‍ വ്യവസായത്തിന്റെയും ഗുണ ഫലം അനുഭവിക്കുന്നത് ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അല്ല എന്നിരിക്കെ, ഈ വികസനം വന്‍ വ്യവസായികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് ഉറപ്പിച്ചു പറയാം. ഇത് വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, ഏതൊരു കെടുതിയുടേയും വറുതിയുടേയും ദുരന്തത്തിന്റെയും ആദ്യാവസാന ഇരകള്‍ സാധാരണക്കാര്‍ മാത്രമാണ്. സാധാരണക്കാരുടെ അവകാശം സ്ഥാപിക്കപ്പെടാതെയുള്ള ഏതൊരു പദ്ധതിയും ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

248 Responses to "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്"