നമുക്കഭിമാനിക്കാം

ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരു ദിനം ആഗതമാവുകയാണു്‌.

കുറച്ച് നാളുകളായി അരയ്ക്ക് കീഴേക്ക് തളര്‍ന്ന് പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ ചികിത്സയില്‍ കഴിയുന്ന മുസ്തഫ എന്ന സഹോദരനുവേണ്ടി ഒരു വീട് ഉണ്ടാക്കി കൊടുക്കുന്നതിലേക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നത് എല്ലാ ബൂലോകര്‍ക്കും അറിവുള്ള കാര്യമാണല്ലോ ?

മൈന ഉമൈബാന്‍ എന്ന ബ്ലോഗര്‍ കൂടിയായ എഴുത്തുകാരിയുടെ, 'മുസ്തഫയ്ക്ക് ഒരു പുസ്തകം' എന്ന ഒരു പോസ്റ്റിനുണ്ടായ അഭൂതപൂര്‍വ്വമായ പ്രതികരണമാണു്‌ കുറെ പുസ്തകങ്ങള്‍ക്കൊപ്പം ഒരു വീടുകൂടി മുസ്തഫയ്ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്ന വലിയൊരു ലക്ഷ്യത്തിലെത്താന്‍ പോകുന്നത്. പലപ്രാവശ്യമായി മൈനയുടെ ബ്ലോഗുകളിലും, മാതൃഭൂമി ബ്ലോഗനയിലുമൊക്കെ വന്ന ഈ വിഷയം
അക്ഷരാര്‍ത്ഥത്തില്‍ ബൂലോകര്‍ക്കൊപ്പം , മറ്റ് സുഹൃത്തുക്കളും സംഘടകളും വ്യക്തികളും , ബൂലോക കാരുണ്യവും നെഞ്ചേറ്റുകയായിരുന്നു.

വലിയൊരു തുക തന്നെയാണ്‌ ഈ ആവശ്യത്തിലായി എല്ലാവരും ചേര്‍ന്ന് പിരിച്ചെടുത്തത്. ആ പണം കൊണ്ട് മുസ്തഫയ്ക്കായി കുറച്ച് സ്ഥലം വാങ്ങുകയും അവിടെ വീട് പണിയാനുള്ള സഹായം ഫോമ എന്ന അമേരിക്കന്‍ മലയാളി സംഘടന ചെയ്യുകയുമാണു്‌ ഉണ്ടായത്.

അങ്ങനെ 'മുസ്തഫയ്ക്കൊരു വീട് ' എന്ന ജീവകാരുണ്യപ്രവര്‍ത്തനം ഈ മാസം 16നു്‌ വൈകീട്ട് 3 മണിക്ക് തിരുവല്ലയിലെ ഡോ:അലക്‍സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ കേന്ദ്രമന്ത്രിമാരും , സംസ്ഥാന മന്ത്രിമാരും , എം.പി.മാരും എം. എല്‍ ‍. എ.മാരും രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രഗത്ഭരും ഒക്കെ അടക്കമുള്ള വിപുലമായ ഒരു സദസ്സില്‍ വെച്ച് യാഥാര്‍ത്ഥ്യമാകുകയാണ്‌.

36 ല്‍പ്പരം നിരാലംബര്‍ക്ക് വീടുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന അതീവ ശ്ലാഘനീയമായ ഫോമയുടെ ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ അമേരിക്കയിലെ ഏറോ കണ്‍ട്രോള്‍ എന്ന സ്ഥാപനമാണ്.

ചടങ്ങില്‍ കേന്ദ്ര പ്രവാസകാര്യമന്ത്രി ശ്രീ വയലാര്‍ രവി അദ്ധ്യക്ഷം വഹിക്കുന്നു. മന്ത്രിമാരായ ശ്രീ കോടിയേരി ബാലകൃഷ്ണന്‍ , ശ്രീ ബിനോയ് വിശ്വം , ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍, ശ്രീ പി.കെ.ഗുരുദാസന്‍ , പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി ശ്രീ കെ.എം. മാണി, എം. പി.മാര്‍ എം. എല്‍ ‍. എ.മാര്‍ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ , എന്നിവര്‍ക്ക് പുറമേ കേരളത്തിലെ സാഹിത്യസാംസ്ക്കാരിക നായകന്മാരൊക്കെ പങ്കെടുക്കുന്ന ഈ മുഹൂര്‍ത്തം ബൂലോകത്തു്‌ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സംഭവം തന്നെയാണ്‌.

ബൂലോകത്തിന്റെ ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും അക്ഷരങ്ങളെ സ്നേഹിക്കുന്ന വായനാശീലാമുള്ള സാധാരണക്കാരനായ ഒരാള്‍ക്ക് അക്ഷരങ്ങളിലൂടെ തന്നെ മാത്രം പരിചയമുള്ള ബൂലോകര്‍ നല്‍കുന്ന ഈ സ്നേഹവായ്പ്പ് എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു.

12 Responses to "നമുക്കഭിമാനിക്കാം"

 1. ഇത്തരം ഒരു ആവശ്യം ബ്ലൊഗ്ഗേഴ്സിന്റെ മുന്‍പില്‍ എത്തിച്ച മൈന പ്രശംസ അര്‍ഹിക്കുന്നു..

  ‘മുസ്തഫയ്ക്കൊരു വീടി‘ ന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, അഭിനന്ദനങ്ങള്‍!

  ReplyDelete
 2. മുസ്തഫയ്ക്കൊരു വീടിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസുകൾക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 3. മാഷെ ഒരു കുഞ്ഞു സന്തോഷം എനിക്കും തോന്നുന്നു .. ചിത്രങ്ങള്‍ പ്രതിക്ഷിക്കുന്നു

  ReplyDelete
 4. അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

  ReplyDelete
 5. മുസ്തഫായ്ക്കും കുടുംബത്തിനും
  പാര്‍ക്കാന്‍ ഒരു വീടു സ്വന്തമാകുന്നതില്‍ അതിയായ
  സന്തോഷം. ഇതിനായി പ്രവര്‍‌ത്തിച്ച സന്മസുകളേ ദൈവം അനുഗ്രഹിക്കട്ടെ.
  ഒരു നല്ല കാര്യം ചെയ്തു എന്ന ചാരിതാര്‍‌ഥ്യം ബ്ലോഗേഴ്സിനു എന്നേയ്ക്കും സ്വന്തം....

  ReplyDelete
 6. മുസ്തഫയുടെ ഭവനമിര്‍മ്മാണപദ്ധതിയെക്കുറിച്ച് ഫോമയുടെ അധികാരികളെ ബോധവത്ക്കരിപ്പിച്ചതിനും ഭവനനിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്ത ബ്ലോഗ്ഗേര്‍സിന് ഫോമയെ പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ സാധിച്ചതിലും അങ്ങനെ ബ്ലോഗേര്‍സിന്റെ സംരംഭം ഫലവത്തായതിലും എനിക്ക്‌ വളരെയധികം സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ട്.

  അതോടൊപ്പം ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പിന്നിലുള്ള ഫോമാ (FOMAA-Federation of Malayalee Associations of America) പ്രസിഡന്റ് ജോണ്‍ റ്റൈറ്റസ്, സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്, സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് എന്നിവര്‍ക്കും വളരെ നന്ദി.

  മുസ്തഫയുടെയും ബ്ലോഗേര്‍സിന്റെയും സ്വപ്നങ്ങള്‍ പൂവണിഞു കാണുന്നതില്‍ വളരെ സന്തോഷം.

  പലതുള്ളി പെരുവെള്ളം, അല്ലേ?

  ReplyDelete
 7. എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 8. ...ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്പോളവത്കരിക്കുന്നവര്‍ക്കിടയില്‍ തമ്മിലറിയാത്ത തമ്മില്‍ കാണാത്തവര്‍ക്കായി ബൂലോകത്തെ സുമനസ്സുകള്‍ നടത്തുന്ന(നടത്തിയ) നന്മയുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍..

  ReplyDelete
 9. ചാരിതാര്‍ത്ഥ്യം ! പിന്നണിക്കൂട്ടായ്മയില്‍ അണി
  ചേര്‍ന്ന സുമനസ്സുകള്‍ക്ക് അനുമോദനങ്ങള്‍ !!
  മൈന,നീരു എന്നിവരെ പ്രത്യേകം ഓര്‍ക്കട്ടെ,ഫോമയുടെ
  മാതൃകാപരമായ ഇടപെടല്‍ അനുകരണീയം തന്നെ !!

  ReplyDelete
 10. അതിയായ സന്തോഷമുണ്ട്. ഒത്തുപിടിച്ചാൽ നടക്കാത്തതായ ഒന്നും ഇല്ലെന്ന യാഥാർത്ഥ്യം തെളിയിക്കപ്പട്ടു.

  ഇതിനുവേണ്ടി തുടക്കമിട്ട മൈന ഉമൈബാനെ ഈ വേളയിൽ അഭിനന്ദിക്കുന്നു, ഒപ്പം ഇതിനായി പ്രയക്നിച്ച എല്ലാ നല്ല ബൂലോക സ്നേഹൈതരേയും നന്ദി അറിയിക്കുന്നു.

  കൂടുതൽ വിവരങ്ങളും ഫോട്ടോകളും കാണാനുള്ള ആഗ്രഹത്തോടെ,

  സസ്നേഹം...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ